രവി ശാസ്ത്രിക്ക് അധിക ചുമതല നല്‍കാനൊരുങ്ങി ഗാംഗുലി

By Web TeamFirst Published Oct 31, 2019, 9:35 PM IST
Highlights

 മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഇടമാണ് ദേശീയ ക്രിക്കറ്റ് അക്കാദമി. അതുകൊണ്ടുതന്നെ സീനിയര്‍ ടീമുമായി മികച്ച സഹകരണം ഉറപ്പാക്കാന്‍ ശാസ്ത്രിയെ അക്കാദമിയുടെ ഭാഗമാക്കുന്നതിലൂടെ കഴിയും.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായ രവി ശാസ്ത്രിക്ക് പുതിയ ചുമതല നല്‍കാനൊരുങ്ങി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയുടെ മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ ശാസ്ത്രിയെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കൂടി ഭാഗമാക്കാനാണ് ആലോചിക്കുന്നതെന്ന് ഗാംഗുലി പറഞ്ഞു.

സീനിയര്‍ ടീമും ദേശീയ ക്രിക്കറ്റ് അക്കാദമിയും തമ്മില്‍ മികച്ച സഹകരണം ഉറപ്പാക്കാനാണിതെന്നും ഗാംഗുലി വിശദീകരിച്ചു. ദ്രാവിഡും പരസ് മാംബ്രെയും എല്ലാം ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ട്. ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായ ഭരത് അരുണും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കാര്യങ്ങളില്‍ ഭാഗമാവുന്നുണ്ട്. മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഇടമാണ് ദേശീയ ക്രിക്കറ്റ് അക്കാദമി. അതുകൊണ്ടുതന്നെ സീനിയര്‍ ടീമുമായി മികച്ച സഹകരണം ഉറപ്പാക്കാന്‍ ശാസ്ത്രിയെ അക്കാദമിയുടെ ഭാഗമാക്കുന്നതിലൂടെ കഴിയും.

പരിശീലകനെന്ന നിലയില്‍ ശാസ്ത്രി മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ കൂടി ഈ മികവ് കാട്ടാനാകണം. ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരം അവസാന നിമിഷം ഡല്‍ഹിയില്‍ നിന്ന് മാറ്റാനാവില്ലെന്നും ഗാംഗുലി പറഞ്ഞു. ഭാവിയില്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ബിസിസിഐ അല്‍പം കൂടി പ്രായോഗികമായി ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു.

click me!