ഈ വര്‍ഷം കളിച്ച 19 ഇന്നിംഗ്സുകളില്‍ നിന്ന് 123.16 സ്ട്രൈക്ക് റേറ്റിലും 13.62 ശരാശരിയിലും 218 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്.

അഹമ്മദാബാദ്: ടി20 ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്നതിനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. അഹമ്മദാബാദിലെ ജിഎല്‍എസ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുമ്പോഴായിരുന്നു സൂര്യകുമാര്‍ സ്പോര്‍ട്സ് താരം കരിയറില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു പറഞ്ഞത്. ആരു കായിക താരത്തിന് കരിയറില്‍ എല്ലായ്പ്പോഴും നല്ല സമയം ഉണ്ടാകില്ല. മോശം സമയം മാത്രമായും ഉണ്ടാകില്ല. എല്ലാം ഒരു പാഠമാണ്.

ഞാനിപ്പോള്‍ കടന്നുപോകുന്നതും അത്തരമൊരു അവസ്ഥയിലൂടെയാണ്. കഴിഞ്ഞ കുറച്ചു കാലമായി ഞാന്‍ റണ്‍സടിക്കുന്നതില്‍ പുറകിലാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ 14 സൈനികരും എന്നെ സംരക്ഷിക്കാനുണ്ട്. കാരണം, അവര്‍ക്കറിയാം ഞാന്‍ പൊട്ടിത്തെറിക്കുന്ന ദിവസം എന്തു സംഭവിക്കുമെന്ന്. നിങ്ങള്‍ക്കും അതറിയാമെന്ന് എനിക്കറിയാം.അതുകൊണ്ട് തന്നെ തിരിച്ചടികളുണ്ടാകുമ്പോഴും ഞാന്‍ പോസറ്റീവായാണ് കാര്യങ്ങളെ കാണുന്നത്. ഫോം വീണ്ടെടുക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞുപോയാല്‍ നിങ്ങളാരും സ്കൂൾ പഠനം ഉപേക്ഷിക്കില്ലല്ലോ, നല്ല മാര്‍ക്ക് കിട്ടാന്‍ കഠിനാധ്വാനം ചെയ്യില്ലെ. അതുപോലെതന്നെയാണ് ഞാനും, മികച്ച പ്രകടനം നടത്താന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

Scroll to load tweet…

ഈ വര്‍ഷം കളിച്ച 19 ഇന്നിംഗ്സുകളില്‍ നിന്ന് 123.16 സ്ട്രൈക്ക് റേറ്റിലും 13.62 ശരാശരിയിലും 218 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയശേഷമുള്ള സൂര്യകുമാറിന്‍റെ ഏറ്റവും മോശം പ്രകടനമാണിത്. 47 റണ്‍സാണ് ഇക്കാലയളവിലെ സൂര്യയുടെ ഏറ്റവും ഉയർന്ന സ്കോര്‍. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ നാലു മത്സരങ്ങളില്‍ നിന്ന് 34 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. മോശം ഫോമിനിടയിലും ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനായി സൂര്യകുമാറിനെ നിലനിര്‍ത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക