അഞ്ചാം തവണയും അഞ്ച് വിക്കറ്റ്; അശ്വിനും അക്‌സറും ലിയോണും ഇനി ജൈമിസണ് പിന്നില്‍

By Web TeamFirst Published Jun 20, 2021, 10:08 PM IST
Highlights

കരിയറിലെ എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കിവീസ് പേസര്‍ അഞ്ചാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യക്കെതിരെ രണ്ടാം തവണയും.
 

സതാംപ്ടണ്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കെയ്ല്‍ ജൈമിസണിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയെ 217 റണ്‍സില്‍ ഒതുക്കിയത്. കരിയറിലെ എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന കിവീസ് പേസര്‍ അഞ്ചാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇന്ത്യക്കെതിരെ രണ്ടാം തവണയും. ഇന്നത്തെ പ്രകടനത്തോടെ രണ്ട് റെക്കോഡുകളും താരം സ്വന്തം പേരില്‍ ചേര്‍ത്തു.

80 വര്‍ഷത്തെ റെക്കോഡ് മറികടന്നതാണ് ആദ്യത്തേത്. എട്ട് ടെസ്റ്റില്‍ നിന്ന് 42 വിക്കറ്റായി ജൈമിസണ്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതൊരു റെക്കോഡാണ്. എട്ട് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായിരിക്കുകയാണ് ജൈമിസണ്‍. ഇത്രയും മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റ് വീഴ്ത്തിയിരുന്ന ജാക്ക് കോവിയെയാണ് ജൈമിസണ്‍ മറികടന്നത്. 38 വിക്കറ്റ് വീഴ്ത്തിയിരുന്ന ഷെയ്ന്‍ ബോണ്ട് മൂന്നാം സ്ഥാനത്തായി.

കൂടാതെ എട്ട് ടെസ്റ്റുകള്‍ക്കിടെ അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാാക്കുന്ന ആദ്യ കിവീസ് ബൗളറാവാനും താരത്തിന് സാധിച്ചു. ഇന്ത്യക്കെതിരെ രണ്ടാം തവണയാണ് താരം അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്നത്. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളറാവാനും ജൈമിസണ് സാധിച്ചു.

ഇന്ത്യന്‍ താരങ്ങളായ അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ എന്നിവരെയാണ് ജൈമിസണ്‍ മറികടന്നത്. മൂവരും നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. എന്നാല്‍ ജൈമിസണ്‍ അഞ്ച് തവണ നേട്ടത്തിനുടമയായി. രോഹിത് ശര്‍മ (34), വിരാട് കോലി (44), റിഷഭ് പന്ത് (4), ഇശാന്ത് ശര്‍മ (4), ജസ്പ്രിത ബുമ്ര (0) എന്നിവരെയാണ് ജൈമിസണ്‍ പുറത്താക്കിയത്.

click me!