ലോകകപ്പിന് മുമ്പ് ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഞെട്ടിക്കാനൊരുങ്ങി മലിംഗ

By Web TeamFirst Published Apr 18, 2019, 1:02 PM IST
Highlights

ലോകകപ്പ് ടീമിന്റെ നായകനായി ദിമുത് കരുണരത്നെയെ ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിതന് പിന്നാലെയാണ് കളിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വിരമിക്കല്‍ സൂചന നല്‍കുന്ന സന്ദേശം മലിംഗ അയച്ചത്.

കൊളംബോ: ഏകദിന ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ഒരുങ്ങി സൂപ്പര്‍ താരം ലസിത് മലിംഗ. ലോകകപ്പിന് മുമ്പ് മലിംഗ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കളിക്കാരുടെ വാട്സ്‌ ആപ്പ് ഗ്രൂപ്പ് ചാറ്റിലെ വിവരങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകകപ്പ് ടീമിന്റെ നായകനായി ദിമുത് കരുണരത്നെയെ ശ്രീലങ്കന്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളിക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വിരമിക്കല്‍ സൂചന നല്‍കുന്ന സന്ദേശം മലിംഗ അയച്ചത്. ഗ്രൗണ്ടില്‍വെച്ച് ഇനി നമ്മള്‍ കാണില്ല. ഇക്കാലമത്രയും എന്നെ പിന്തുണച്ചവര്‍ക്കും പിന്നില്‍ നിന്നവര്‍ക്കും നന്ദി എന്നായിരുന്നു സിംഹളീസ് ഭാഷയില്‍ മലിംഗ അയച്ച സന്ദേശം.

ഇന്നലെ രാവിലെ 11.22നാണ് ഗ്രൂപ്പില്‍ സന്ദേശം എത്തിയത്. ശ്രീലങ്കന്‍ ടീമിന്റെ മുഖ്യ സെലക്ടറായ അശാന്ത ഡി മെല്‍ ഇതിന് ഒരു മണിക്കൂര്‍ മുമ്പ് ക്യാപ്റ്റനല്ലെങ്കിലും ലോകകപ്പില്‍ കളിക്കാന്‍ മലിംഗയുണ്ടാവുമോ എന്ന് താരത്തെ ഫോണില്‍ വിളിച്ച് ചോദിച്ചിരുന്നു. ഇതിനുശേഷം വന്ന സന്ദേശമാണെന്നതിനാല്‍ മലിംഗ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കാള്‍ ലോകകപ്പില്‍ കളിക്കുക എന്നതാണ് പ്രധാനമെന്നും ഇത്തരമൊരു സന്ദേശം കൊണ്ട് മലിംഗ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ലെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഒരു ഉന്നതന്‍ പറഞ്ഞു. മലിംഗക്ക് കീഴില്‍ അവസാനം കളിച്ച 14 ഏകദിനങ്ങളില്‍ 13ലും ലങ്ക തോറ്റിരുന്നു.

click me!