ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജ ആഷസ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. 

സിഡ്‌നി: ഓസ്ട്രെലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജ വിരമിക്കുന്നു. ആഷസ് പരമ്പരയ്‌ക്കൊടുവില്‍ വിരമിക്കുമെന്ന് ഖവാജ പറഞ്ഞു. സിഡ്‌നിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു വൈകാരിക പ്രഖ്യാപനം. പാകിസ്ഥാനില്‍ ജനിച്ച ഖവാജ ഓസ്ട്രെലിയന്‍ ടീമില്‍ കളിക്കുന്ന ആദ്യ മുസ്ലീം ആണ്. കരിയറില്‍ ഉടനീളം വ്യത്യസ്തമായി തന്നെ പരിഗണിച്ചത് അസ്വസ്ഥന്‍ ആക്കിയിരുന്നതായി ഖവാജ തുറന്നടിച്ചു. പരിക്കിന്റെ സമയത്ത് താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് വംശീയ അധിക്ഷേപത്തിന്റെ സ്വഭാവം ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.

39കാരനായ ഖവജ 87 ടെസ്റ്റില്‍ 16 സെഞ്ച്വറി അടക്കം 6206 റണ്‍സ് നേടിയിട്ടുണ്ട്. 2011ല്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച സിഡ്‌നിയില്‍ ആകും ഖവജയുടെ വിടവങ്ങല്‍ മത്സരവും. ഓസ്‌ട്രേലിയക്കായി ഒന്നാകെ 136 മത്സരങ്ങളില്‍ നിന്ന് 8001 റണ്‍സ്. 18 സെഞ്ചുറികളും 41 അര്‍ദ്ധ ശതകങ്ങളും. സിഡ്‌നി ടെസ്റ്റിന് മുന്‍പ് ഖവാജയെ കാത്തിരിക്കുന്നത് മറ്റൊരു നേട്ടമാണ്. ഓസ്‌ട്രേലിയക്കായി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ 14-ാമനാകാം. മൈക്ക് ഹസിയെ മറികടക്കാന്‍ കേവലം 30 റണ്‍സ് മാത്രം മതിയാകും. അത് സാധിച്ചാല്‍, സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് തൊട്ടുപിന്നിലായി ചരിത്രത്താളുകളില്‍ പേരെഴുതിച്ചേര്‍ക്കാനാകും.

ആഷസിലെ ആദ്യ മത്സരത്തിന് തലേന്ന് ഗോള്‍ഫ് കളിക്കുന്നതിനിടെ പുറത്തിന് പരുക്കേറ്റ ഖവാജയോട് മാധ്യമങ്ങളും മുന്‍താരങ്ങളും പുറത്തെടുത്ത സമീപനം ക്രൂരമായിരുന്നു. ടീമിനോട് പ്രതിബദ്ധതയില്ലെന്നും സ്വാര്‍ത്ഥനാണെന്നും വേണ്ടത്ര പരിശീലനം പോലും എടുക്കുന്നില്ലെന്നും മടിയനാണെന്ന് പോലുമുള്ള വിമര്‍ശനങ്ങള്‍ ഖവാജയെ തേടിയെത്തി. ഓര്‍മവെച്ചകാലം മുതല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്ന് കേട്ടുപഴകിയതെല്ലാം അവിടെ ആവര്‍ത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ തലേദിവസം മദ്യപിച്ച് പരുക്ക് വരുത്തിവെച്ചവര്‍ക്ക് പോലും ഈ വിമര്‍ശനങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും ഖവാജ പറയുന്നു. ജോഷ് ഹേസല്‍വുഡിനും നാഥാന്‍ ലയണിനും പരുക്കേറ്റപ്പോള്‍ സഹതപിച്ചവര്‍ തനിക്ക് പരുക്കേറ്റപ്പോള്‍ കാര്യങ്ങള്‍ വ്യക്തികേന്ദ്രീകൃതമാക്കിയെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഖവാജ ചൂണ്ടിക്കാണിച്ചു.

YouTube video player