തോല്‍വി ബാധിച്ചില്ല; ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം; കുതിച്ച് കേദാര്‍

By Web TeamFirst Published Mar 17, 2019, 9:40 PM IST
Highlights

ബാറ്റ്സ്‌മാന്‍മാരില്‍ വിരാട് കോലി ഒന്നാം സ്ഥാനവും രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ബൗളര്‍മാരില്‍ ജസ്‌പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു.

ദുബായ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വാസം. ബാറ്റ്സ്‌മാന്‍മാരില്‍ വിരാട് കോലി ഒന്നാം സ്ഥാനവും രോഹിത് ശര്‍മ്മ രണ്ടാം സ്ഥാനവും നിലനിര്‍ത്തി. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ കോലി 310 റണ്‍സും രോഹിത് 202 റണ്‍സും നേടിയിരുന്നു. കിവീസിന്‍റെ റോസ് ടെയ്‌ലറാണ് മൂന്നാമത്.  

ബാറ്റിംഗില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കേദാര്‍ യാദവ് കരിയറിലെ മികച്ച റാങ്കിംഗായ 24ലെത്തി. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ തിളങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡി കോക്കാണ്(353 റണ്‍സ്) നാലാമത്. പരമ്പരയിലെ പ്രകടനത്തിന് നായകന്‍ ഫാഫ് ഡുപ്ലസി(272 റണ്‍സ്) അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 

ബൗളര്‍മാരില്‍ ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടാണ് രണ്ടാം സ്ഥാനത്ത്. അഫ്‌ഗാന്‍റെ റഷീദ് ഖാന്‍ മൂന്നാമതും. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാമതെത്തി. ഓള്‍റൗണ്ടര്‍മാരില്‍ റഷീദ് ഖാനാണ് തലപ്പത്ത്. ടീം റാങ്കിംഗില്‍ കാര്യമായ മാറ്റമില്ല. ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതും ന്യൂസീലന്‍ഡ് മൂന്നാമതുമാണ്. 
 

click me!