
കറാച്ചി: മാന്ത്രിക സ്പിന്‍ കൊണ്ട് മാത്രമല്ല വെടിക്കെട്ട് ബാറ്റിംഗ് കൊണ്ടും അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍(Rashid Khan) പലപ്പോഴും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍(PSL) ലാഹോര്‍ ക്യുലാന്‍ഡേഴ്സിനായി(Lahore Qalandars) കളിക്കുന്ന റാഷിദ് വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അത്തരമൊരു പ്രകടനത്തിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ(Multan Sultans) മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി നേരിട്ട ആദ്യ പന്തു തന്നെ സിക്സിന് പറത്തിയ റാഷിദിന്‍റെ ഷോട്ടാണ് ആരാധകരുടെ കണ്ണു തള്ളിച്ചത്. ഷാനവാസ് ധഹാനി എറിഞ്ഞ അവസാന ഓവറിലെ ഒരു പന്ത് നോക്കുകപോലും ചെയ്യാതെയാണ് റാഷിദ് സിക്സിന് പറത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
മത്സരത്തില്‍ നാലു പന്ത് മാത്രം നേരിട്ട റാഷിദ് 17 റണ്‍സുമായി പുറത്താകാതെ നിന്ന് ടീം സ്കോര്‍ 200 കടത്തുകയും ചെയ്തു. എന്നാല്‍ റാഷിദിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനും ക്യുലാന്‍ഡേഴ്സിനെ ജയിപ്പിക്കാനായില്ലെന്ന് മാത്രം. നിലവിലെ ചാമ്പ്യന്‍മാരായ സുല്‍ത്താന്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍റെയും(69), ഷാന്‍ മസൂദിന്‍റെയും(50 പന്തില്‍ 83) അര്‍ധസെഞ്ചുറികളുടെ മികവില്‍ വിജയലക്ഷ്യമായ 207 റണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി അടിച്ചെടുത്തു.
ഓപ്പണിംഗ് വിക്കറ്റില്‍ 150 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. റാഷിദ് തന്നെയാണ് ഓപ്പണിംഗ് സഖ്യം പൊളിച്ചത്. മത്സരത്തില്‍ നാലോവറില്‍ 28 റണ്‍സ് വഴങ്ങിയ റാഷിദ് ഒരു വിക്കറ്റെടുത്തു. നേരത്തെ ഓപ്പണര്‍ ഫഖര്‍ സമന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി(35 പന്തില്‍ 76) ആണ് ക്യുലാന്‍ഡേഴ്സിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.