Legends League Cricket 2022 : ആരാവും ഇതിഹാസങ്ങളിലെ രാജാക്കന്‍മാര്‍; ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് ഫൈനല്‍ ഇന്ന്

By Web TeamFirst Published Jan 29, 2022, 1:15 PM IST
Highlights

ഏഷ്യ ലയൺസിനെ മിസ്ബ ഉള്‍ ഹഖും വേള്‍ഡ് ജയന്‍റ്സിനെ ഡാരന്‍ സമിയുമാണ് നയിക്കുന്നത്

മസ്‌കറ്റ്: വിരമിച്ച താരങ്ങള്‍ മത്സരിക്കുന്ന ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ (Legends League Cricket 2022) ഇന്ന് കലാശപ്പോരാട്ടം. ഏഷ്യ ലയൺസും (Asia Lions) വേൾഡ് ജയന്‍റ്സും (World Giants) തമ്മിലാണ് ഫൈനല്‍. ഒമാനിൽ ഇന്ത്യന്‍സമയം രാത്രി 8ന് മത്സരം തുടങ്ങും. ഗ്രൂപ്പ് ഘട്ടത്തിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിൽ ഇരു ടീമുകളും ഒരു കളി വീതം ജയിച്ചിരുന്നു. ഏഷ്യ ലയൺസിനെ മിസ്ബ ഉള്‍ ഹഖും (Misbah-ul-Haq) വേള്‍ഡ് ജയന്‍റ്സിനെ ഡാരന്‍ സമിയുമാണ് (Daren Sammy) നയിക്കുന്നത്.

നേരത്തെ ഇന്ത്യ മഹാരാജാസ് ഫൈനല്‍ കാണാതെ പുറത്തായിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ വേള്‍ഡ് ജയന്‍റ്സ് അഞ്ച് റൺസിന് ഇന്ത്യന്‍ ടീമിനെ തോൽപ്പിച്ചു. വിജയലക്ഷ്യമായ 229 റൺസ് പിന്തുടര്‍ന്ന മഹാരാജാസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുക്കാനേയായുള്ളൂ. സ്‌കോര്‍: വേള്‍ഡ് ജയന്‍റ്സ്- 228/5(20), ഇന്ത്യ മഹാരാജാസ്- 223/7(20). 

ബ്രെറ്റ് ലീ എറിഞ്ഞ അവസാനത്തെ ഓവറില്‍ മഹാരാജാസിന് എട്ട് റൺസാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാൽ 21 പന്തില്‍ 56 റൺസെടുത്ത ഇര്‍ഫാന്‍ പത്താന്‍ ആദ്യ പന്തില്‍ പുറത്തായത് വഴിത്തിരിവായി. രണ്ട് റൺസ് മാത്രമാണ് ലീ 20-ാം ഓവറില്‍ വഴങ്ങിയത്. 51 പന്തിൽ 95 റൺസെടുത്ത നമാന്‍ ഓജയും 22 പന്തിൽ 45 റൺസെടുത്ത നായകന്‍ യൂസഫ് പത്താനും ഇന്ത്യന്‍ നിരയിൽ തിളങ്ങി. വസീം ജാഫര്‍ ആറ് പന്തില്‍ നാലും സ്റ്റുവര്‍ട്ട് ബിന്നി നാല് പന്തിൽ മൂന്നും റൺസെടുത്ത് പുറത്തായി.

ആദ്യം ബാറ്റുചെയ്ത വേള്‍ഡ് ജയന്‍റ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 228 റൺസെടുത്തു. 46 പന്തിൽ 89 റൺസെടുത്ത ഹെര്‍ഷെയ്ൽ ഗിബ്സ് ആണ് ടോപ്സ്കോറര്‍. കെവിന്‍ പീറ്റേഴ്സൺ അഞ്ച് പന്തിൽ 11ഉം ജോണ്ടി റോഡ്സ് 13 പന്തില്‍ 20ഉം റൺസെടുത്തു. 

ICC U19 World Cup 2022 : സെമി തേടി ഇന്ത്യ ഇന്ന് കളത്തില്‍; എതിരാളികള്‍ നിലവിലെ ജേതാക്കള്‍

click me!