ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ, ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ശുഭ്മാൻ ഗില്ലിന് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് മുൻ താരം മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടു. 

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20 നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ മാറ്റം വരുത്തണെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഓപ്പണറുടെ റോളില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഗില്ലിനെ മാറ്റാന്‍ സമയമായെന്ന് കൈഫ് വ്യക്തമാക്കി. അഞ്ച് മത്സര പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണ്. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയ ഇന്ത്യ, രണ്ടാം ടി20യില്‍ പരാജയപ്പെട്ടിരുന്നു. ഓപ്പണര്‍ സ്ഥാനത്ത് മൂന്ന് സെഞ്ചുറികളുള്ള സഞ്ജു സാംസണെ ഗില്ലിന് പകരം കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നാളത്തെ മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതയില്ല.

ഇതിനിടെയാണ് ഗില്ലിന്റെ സ്ഥാനത്തെ കുറിച്ച് കൈഫ് സംസാരിച്ചത്. കൈഫിന്റെ വാക്കുകള്‍... ''ഗില്‍ പുറത്താക്കപ്പെടുന്ന രീതികള്‍ നോക്കൂ. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് രണ്ടാം ടി20യില്‍ അദ്ദേഹം പുറത്തായത്. ക്രീസിന് പുറത്തേക്കിറങ്ങി കളിക്കുമ്പോള്‍ അദ്ദേഹത്തിന് ടൈമിംഗ് തെറ്റുന്നുണ്ട്. അഭിഷേക് ശര്‍മയെ അനുകരിച്ച് ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമാകുന്നത്. ബാറ്റിങ്ങില്‍ അവന്‍ എല്ലാം ശ്രമിക്കുന്നുണ്ട്. ഗില്ലിന് വിശ്രമം നല്‍കി, കഴിവ് തെളിയിച്ചിട്ടുള്ള മറ്റു കളിക്കാരെ പരീക്ഷിക്കാനുള്ള സമയമായെന്ന് എനിക്ക് തോന്നുന്നു.'' കൈഫ് പറഞ്ഞു.

സഞ്ജുവിനെ കറിച്ചും ഗില്‍ സംസാരിച്ചു... ''സഞ്ജു സാംസണ്‍ ടോപ് ക്ലാസ് പ്ലെയറാണ്. പക്ഷെ അദ്ദേഹത്തിന് ആവശ്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. വൈസ് ക്യാപ്റ്റന്‍മാരെ നേരത്തേയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ടീമിന്റെ താല്‍പ്പര്യം പരിഗണിച്ച് ഗില്ലിന് ഇടവേള നല്‍കി പകരം മറ്റൊരാളെ കൊണ്ടു വരണം. ഇരട്ടത്താപ്പുകള്‍ പാടില്ല.'' കൈഫ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളും ഗില്ലിന് രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. ആദ്യ ടി20യില്‍ നാല് റണ്‍സിനും രണ്ടാം മത്സരത്തില്‍ റണ്‍സെടുക്കാതേയും ഗില്‍ മടങ്ങി. ഗില്ലിനെ മാറ്റണമെന്ന് ആവശ്യങ്ങളുണ്ടെങ്കിലും നാളെ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

YouTube video player