ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര 1-1ന് സമനിലയിലായതോടെ മൂന്നാം മത്സരം നിർണായകമായി. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
ധരംശാല: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20 മത്സരം നാളെ ധരംശാലയില്‍ നടക്കും. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയ ഇന്ത്യ, രണ്ടാം ടി20യില്‍ പരാജയപ്പെട്ടിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണ്. മൂന്നാം നമ്പറിലിറങ്ങുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മങ്ങിയ ഫോം ഇന്ത്യക്ക് തലവേദനയാകുന്നത്. രണ്ട് മത്സരങ്ങളും ഗില്ലിന് രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. ആദ്യ ടി20യില്‍ നാല് റണ്‍സിനും രണ്ടാം മത്സരത്തില്‍ റണ്‍സെടുക്കാതേയും ഗില്‍ മടങ്ങി.
സൂര്യകുമാര്‍ ആദ്യ ടി20യില്‍ 12 റണ്‍സെടുത്ത് പുറത്തായപ്പോള്‍, രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഏഷ്യാ കപ്പ് മുതല്‍ സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്. ആദ്യ മത്സരത്തില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഓപ്പണര്‍ സ്ഥാനത്ത് മൂന്ന് സെഞ്ചുറികളുള്ള സഞ്ജു സാംസണെ ഗില്ലിന് പകരം കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നാളത്തെ മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യതയില്ല. ഗില്ലിന് ഓപ്പണര്‍ സ്ഥാനത്ത് സ്ഥാനം ഉറപ്പിക്കാന്‍ വീണ്ടും അവസരം നല്‍കാനാണ് എല്ലാ സാധ്യതയും. ബൗളിംഗില്‍ കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യം ഉരുന്നുണ്ടെങ്കിലും ആദ്യ മത്സരത്തില്‍ ബൗളര്‍മാരെല്ലാം മികവ് കാട്ടിയതിനാല്‍ അതിന് തീരെ സാധ്യത കുറവാണ്. എട്ടാം നമ്പര്‍ വരെ ബാറ്റിംഗ് ഉറപ്പാക്കുക എന്നതാണ് ടീം കോംബിനേഷനില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുലര്‍ത്തുന്ന സമീപനം.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

