ഇതിഹാസങ്ങളുടെ പോരാട്ടം; ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍

By Gopala krishnanFirst Published Sep 23, 2022, 7:05 PM IST
Highlights

മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നിവര്‍ക്ക് പുറമെ, ടി-20 ഇതിഹാസം ക്രിസ് ഗെയ്ൽ, മിച്ചൽ ജോൺസൺ, ജാക്ക് കാലിസ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ ഇതിഹാസതാരങ്ങളെല്ലാം ഇത്തവണത്തെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാണ്.

ദില്ലി: ഇതിഹാസ താരങ്ങള്‍ ഏറ്റുമുട്ടുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം പതിപ്പിന് ഇന്ത്യയിലും വിദേശത്തും റെക്കോര്‍ഡ് കാഴ്ചക്കാര്‍. കഴിഞ്ഞകാലത്തെ സൂപ്പര്‍താരങ്ങളുടെ പോരാട്ടം കാണാന്‍  ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയില്‍ നിന്ന് മാത്രമെത്തിയത് 1.6 കോടിയിലധികം കാഴ്ചക്കാര്‍. ആഗോളതലത്തില്‍ ആറ് കോടിപേരാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് കണ്ടത്.

ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്‍റെ (BARC)ഏറ്റവും പുതിയ ടിവി റേറ്റിംഗുകൾ പ്രകാരം, ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ മഹാരാജാസും വേൾഡ് ജയന്‍റ്സും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാന്‍ രാജ്യത്തെ നിലവില്‍ നടക്കുന്ന മറ്റ് ഏത് ക്രിക്കറ്റ് മത്സരങ്ങളെക്കാളും കൂടുതല്‍ കാഴ്ചക്കാരെത്തി. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ കഴിഞ്ഞ സീസണിലെ ആകെ റേറ്റിംഗിനെക്കാൾ അഞ്ചിരട്ടിയില്‍ അധികം കാഴ്ചക്കാരാണ് ഇത്തവണത്തെ മത്സരങ്ങള്‍ കാണാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെത്തിയത്.

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന് ലഭിച്ച വലിയ സ്വീകാര്യത അതിശയകരമാണെന്ന് ലീഗിന്‍റെ സഹസ്ഥാപകനും സിഇഒയുമായ രാമൻ റഹേജ പറഞ്ഞു. മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാർ സ്‌പോർട്‌സിലൂടെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്തത് കൂടുതൽ കാഴ്ചക്കാരിലെത്താന്‍ സഹായിച്ചുവെന്നും റഹേജ പറഞ്ഞു. ഐപിഎല്ലിന് ശേഷം രാജ്യത്തെ മറ്റേത് ടി20 ലീഗിനുമുള്ളതിനേക്കാള്‍ കൂടുതൽ കാഴ്ചക്കാർ ലെജന്‍ഡ്സ് ലീഗിന് ഇപ്പോഴുണ്ടെന്നും റഹേജ അവകാശപ്പെട്ടു. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറമെ യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

ഐപിഎല്‍ മിനി ലേലം ഡിസംബറില്‍, ജഡേജ ചെന്നൈ വിടുമോ എന്ന ആകാംക്ഷയില്‍ ആരാധകര്‍

സ്റ്റാര്‍ സ്പോര്‍ട്സ്, ഡിസ്നി+ഹോട്സ്റ്റാര്‍, ഫാന്‍കോഡ് എന്നിവയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഔദ്യോഗിക സംപ്രേഷകര്‍. വില്ലോ ടിവി, കയോ സ്പോര്‍ട്സ്, ഫോക്സ് ക്രിക്കറ്റ് എന്നിവ യഥാക്രമം യുഎസിലും ഓസ്‌ട്രേലിയയിലും ലീഗിന്‍റെ എക്‌സ്‌ക്ലൂസീവ് ബ്രോഡ്‌കാസ്റ്റ്, സ്ട്രീമിംഗ് പങ്കാളികളാണ്.

മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ എന്നിവര്‍ക്ക് പുറമെ, ടി-20 ഇതിഹാസം ക്രിസ് ഗെയ്ൽ, മിച്ചൽ ജോൺസൺ, ജാക്ക് കാലിസ്, മുത്തയ്യ മുരളീധരൻ തുടങ്ങിയ ഇതിഹാസതാരങ്ങളെല്ലാം ഇത്തവണത്തെ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ ഭാഗമാണ്.

click me!