Latest Videos

ഐപിഎല്‍ മിനി ലേലം ഡിസംബറില്‍, ജഡേജ ചെന്നൈ വിടുമോ എന്ന ആകാംക്ഷയില്‍ ആരാധകര്‍

By Gopala krishnanFirst Published Sep 23, 2022, 6:18 PM IST
Highlights

മിനി താരലേലത്തിനായി ടീമുകള്‍ തയാറെടുക്കുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഉത്തരം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിടുമോ എന്നറിയാനാണ്. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ ധോണിയില്‍ നിന്ന് നായകസ്ഥാനമേറ്റെടുത്തെങ്കിലും ജഡേജക്ക് കീഴില്‍ ചെന്നൈക്ക് തിളങ്ങാനായിരുന്നില്ല.

മുംബൈ: അടുത്ത വര്‍ഷത്തെ ഐപിഎല്ലിനുള്ള മിനി ലേലം ഡിസംബറില്‍ നടക്കും. തീയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 16നായിരിക്കും ലേലം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസികളുമായി സംസാരിച്ചശേഷമാകും തീയതി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ മെഗാ താരലേലമല്ല മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക. എങ്കിലും ഓരോ ടീമിനും 95 കോടി രൂപ ചെലവഴിക്കാന്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം ലേലത്തിന് മുമ്പ് ഓരോ ടീമിനും 90 കോടി വീതമായിരുന്നു പേഴ്സിലുണ്ടായിരുന്നത്. കളിക്കാരെ ഒഴിവാക്കുകയാണെങ്കില്‍ പേഴ്സിലെ തുക കൂടും. മാര്‍ച്ച് അവസാന വാരമായിരിക്കും 2023ലെ ഐപിഎല്‍ സീസണ്‍ തുടങ്ങുക.

കൂടുമാറുമോ ജഡേജ

മിനി താരലേലത്തിനായി ടീമുകള്‍ തയാറെടുക്കുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഉത്തരം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിടുമോ എന്നറിയാനാണ്. കഴിഞ്ഞ സീസണിന്‍റെ തുടക്കത്തില്‍ ധോണിയില്‍ നിന്ന് നായകസ്ഥാനമേറ്റെടുത്തെങ്കിലും ജഡേജക്ക് കീഴില്‍ ചെന്നൈക്ക് തിളങ്ങാനായിരുന്നില്ല. എട്ട് മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചെങ്കിലും രണ്ടെണ്ണത്തില്‍ മാത്രമാണ് ചെന്നൈ ജയിച്ചത്.

ഐപിഎൽ ഹോം-എവേ രീതിയിലേക്ക്; ഏറ്റവും സന്തോഷിക്കുന്നത് സിഎസ്‌കെ ആരാധകര്‍, കാരണം ഒറ്റപ്പേര്! 'തല'

തുടര്‍ന്ന് ജഡേജയില്‍ നിന്ന് ധോണി നായകസ്ഥാനം തിരികെ ഏറ്റെടുത്തു. അതിനുശേഷം പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ജഡേജയും ടീം മാനേജ്മെന്‍റും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈ ടീമിന്‍റെ സമൂമാധ്യമ അക്കൗണ്ടുകളെല്ലാം ജഡേജ അണ്‍ഫോളോ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ധോണി തന്നെ ഇത്തവണയും ചെന്നൈ നായകനായി തുടരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ജഡേജ ചെന്നൈയില്‍ തുടരാനിടയില്ലെന്നാണ് സൂചനകള്‍.

ഡല്‍ഹി ക്യാപിറ്റല്‍സ് അടക്കം ജഡേജയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ജഡേജയ്ക്ക് പുറമെ ഗുജറാത്ത് ടൈറ്റന്‍സ് താരം രാഹുല്‍ തെവാട്ടിയ, സായ് കിഷോര്‍ എന്നിവരിലും മറ്റ് ടീമുകള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

click me!