സന്നാഹ മത്സരത്തില്‍ ഇന്ത്യ 364 ഡിക്ലയര്‍ ചെയ്തു; രണ്ടാം ഇന്നിംഗ്‌സില്‍ ലെസ്റ്റര്‍ഷെയറിന് ഭേദപ്പെട്ട തുടക്കം

By Web TeamFirst Published Jun 26, 2022, 6:45 PM IST
Highlights

രണ്ടാം ഇന്നിംഗ്‌സില്‍ ഹസന്‍ അസദിന്റെ (12) വിക്കറ്റാണ് ലെസ്റ്റര്‍ഷെയറിന് ആദ്യം നഷ്ടമായത്. ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ഭരതിന് ക്യാച്ച്. ആക്രമിച്ച് കളിച്ച ഗില്‍ മൂന്നാം വിക്കറ്റില്‍ സാമുവല്‍ ഇവാന്‍സിനൊപ്പം 67 റണ്‍സ് കൂട്ടിചേര്‍ത്തു.

ലെസ്റ്റര്‍: ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഏഴിന് 364 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 367 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ വച്ചുനീട്ടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ചു ലെസ്റ്റര്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. ഹനുമ വിഹാരി (19), ലൂയിസ് കിംബര്‍ (5) എന്നിവരാണ് ക്രീസില്‍. ലെസ്റ്ററിനായി ശുഭ്മാന്‍ ഗില്‍ 62 റണ്‍സെടുത്ത് പുറത്തായി. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. 

രണ്ടാം ഇന്നിംഗ്‌സില്‍ ഹസന്‍ അസദിന്റെ (12) വിക്കറ്റാണ് ലെസ്റ്റര്‍ഷെയറിന് ആദ്യം നഷ്ടമായത്. ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ഭരതിന് ക്യാച്ച്. ആക്രമിച്ച് കളിച്ച ഗില്‍ മൂന്നാം വിക്കറ്റില്‍ സാമുവല്‍ ഇവാന്‍സിനൊപ്പം 67 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അശ്വിന്റെ പന്തില്‍ സിറാജിന് ക്യാച്ച് നല്‍കി ഗില്ലും മടങ്ങി. രണ്ട് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. വൈകാതെ ഇവാന്‍സും (26) പവലിയനില്‍ തിരിച്ചെത്തി.

നേരത്തെ, തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും ചേര്‍ക്കാതെയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തത്. 67 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.  ശ്രേയസ് അയ്യര്‍ (62), രവീന്ദ്ര ജഡേജ (56*), ശ്രീകര്‍ ഭരത് (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. നവ്ദീപി സൈനി നാല് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുമ്രയ്ക്ക് രണ്ട് വിക്കറ്റുണ്ടായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടിയത്. 70 റണ്‍സ് നേടി പുറത്താവാതെ നിന്ന ഭരതാണ് ടോപ് സ്‌കോറര്‍. കോലി (33) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റോമന്‍ വാള്‍ക്കര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ലെസ്റ്റര്‍ 244ന് പുറത്തായി. 76 റണ്‍സ് നേടിയ റിഷഭ് പന്താണ് തിളങ്ങിയത്. ചേതേശ്വര്‍ പൂജാര (0) നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

click me!