
ലണ്ടന്‍: ബിര്‍മിംഗ്ഹാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം (Team India) ഇന്ന് ലെസ്റ്റര്‍ഷെയറിനെതിരെ സന്നാഹമത്സരത്തിനിറങ്ങും. നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷെയറിന് വേണ്ടിയാകും സന്നാഹമത്സരത്തില്‍ കളിക്കുക. ജൂലൈ 1 മുതലാണ് ഇംഗ്ലണ്ടിനെതിരായ (ENG vs IND) ടെസ്റ്റ് മത്സരം. മാസങ്ങളായി ടെസ്റ്റ് മത്സരം കളിക്കാത്തതിനാല്‍ എല്ലാവര്‍ക്കും അവസരം കിട്ടുന്ന തരത്തിലാണ് സന്നാഹമത്സരം ഒരുക്കുന്നത്.
പ്രഖ്യാപിച്ച 17 അംഗ ഇന്ത്യന്‍ സംഘത്തില്‍ ആര്‍ അശ്വിനും കെ എല്‍ രാഹുലും ടീമിനൊപ്പമില്ല. ബാക്കിയുള്ള 15 പേരില്‍ ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യന്‍ ടീമിനെതിരെ കളത്തിലിറങ്ങും. നാല് ദിവസമാണ് സന്നാഹമത്സരം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഐപിഎല്ലിന് ശേഷം ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള ചേതേശ്വര്‍ പുജാരയ്ക്ക് മികച്ച തിരിച്ചുവരവാകും മത്സരം. അന്താരാഷ്ട്ര തലത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ 100 മത്സരങ്ങള്‍ പിന്നിട്ട വിരാട് കോലിക്കും മികച്ച പ്രകടനം അനിവാര്യം. ബയോ ബബിളിന്റെ സമ്മര്‍ദ്ധമില്ലെന്നതും താരങ്ങള്‍ക്ക് ആശ്വാസമാണ്.
കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ പരമ്പരയിലെ അവശേഷിക്കുന്ന കളിയാണ് ബിര്‍മിംഗ്ഹാമില്‍ ജൂലൈ 1 മുതല്‍ നടക്കേണ്ടത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ബിര്‍മിംഗ്ഹാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ 2007ന് ശേഷം ആദ്യമായി ഇന്ത്യക്ക് ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര സ്വന്തമാക്കാം. കഴിഞ്ഞ കൊല്ലത്തെ ക്യാപ്റ്റനെയും കോച്ചിനെയും മാറ്റിയാണ് രണ്ട് ടീമും ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശ്രീകര്‍ ഭരത്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!