
ദില്ലി: ടി20 ലോകകപ്പിൽ നമീബിയക്കെതിരെ സ്പിന്നര്‍ വരുൺ ചക്രവർത്തിയെക്കൊണ്ട് രണ്ട് ഓവർ മാത്രം ബൗൾ ചെയ്യിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെ തീരുമാനത്തെ അസംബന്ധം എന്ന് വിശേഷിപ്പിച്ച് മുന്‍ താരവും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. വെറും രണ്ട് ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി നമീബിയയുടെ നടുവൊടിച്ച വരുണിന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാനുള്ള സുവര്‍ണാവസരം ഇന്ത്യ ടീം മാനേജ്മെന്‍റ് നിഷേധിച്ചുവെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ബൗളറെ സംരക്ഷിക്കുക, മറ്റ് ടീമുകൾക്ക് മുന്നിൽ എക്സ്പോസ് ചെയ്യാതിരിക്കുക എന്നതൊക്കെ വിചിത്രമായ വാദങ്ങളാണ്. എങ്കിൽ പിന്നെ അവനെ ഒരു മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നുവേണ്ടത്. വരുണിന് ഇപ്പോൾ വലിയ വിഷമം കാണും. ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേടുക എന്നത് ചെറിയ കാര്യമല്ല. അവനെ എന്തിനാണ് ഒളിപ്പിച്ചു പിടിക്കുന്നത്. എല്ലാവരും അവന്‍റെ ബൗളിംഗ് ടിവിയിൽ ആയിരം വട്ടം കണ്ടതാണ്. രണ്ട് ഓവർ കൂടി നൽകിയിരുന്നെങ്കിൽ അവൻ നമീബിയയെ എറിഞ്ഞൊതുക്കിയേനെയെന്നും ശ്രീകാന്ത് പറഞ്ഞു.
പവർപ്ലേ ഓവറുകളിൽ ജസ്പ്രീത് ബുമ്രയെ പന്തേൽപ്പിക്കാതിരുന്ന സൂര്യകുമാർ യാദവിന്‍റെ തീരുമാനത്തെയും ശ്രീകാന്ത് വിമർശിച്ചു. നമീബിയ പവർപ്ലേയിൽ 57 റൺസടിച്ചുകൂട്ടിയപ്പോഴും ബുമ്രയെ ഏഴാം ഓവറിലാണ് പന്തേൽപ്പിച്ചത്. ബുമ്രയെ എന്തിനാണ് പവർപ്ലേയിൽ നിന്ന് മാറ്റിനിർത്തുന്നത്. ബുമ്ര വെറുമൊരു ശരാശരി ബൗളറാണോ പവര്‍ പ്ലേ കഴിഞ്ഞു വരാൻ. ബുമ്രയെയും നിങ്ങൾ ഒളിപ്പിക്കുകയാണോ?, ബുമ്ര തുടക്കത്തിൽ പന്തെറിഞ്ഞാൽ കളി ഉടനെ തീരുമെന്നും ശ്രീകാന്ത് പറഞ്ഞു.
മത്സരത്തിൽ ബുമ്ര നാല് ഓവറിൽ 20 റൺസ് മാത്രം നൽകി ഒരു വിക്കറ്റ് നേടിയിരുന്നു. നമീബിയക്കെതിരെ ഇന്ത്യ ആധികാരികമായി ജയിച്ചെങ്കിലും തന്ത്രപരമായ ഈ പിഴവുകൾ വലിയ ടീമുകൾക്കെതിരെ തിരിച്ചടിയായേക്കുമെന്നും ശ്രീകാന്ത് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!