ഇന്ത്യയുടെ ലങ്കൻ പര്യടനം, ക്യാപ്റ്റനാവാൻ ധവാനും പാണ്ഡ്യയും

By Web TeamFirst Published May 12, 2021, 2:58 PM IST
Highlights

തോളിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് അയ്യർ ടീമിൽ എത്താൻ സാധ്യത കുറവാണ്. എന്നാൽ കായികക്ഷമത തെളിയിച്ച്  അയ്യർ ടീമിലെത്തിയാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരു പേര്  സെലക്ടർമാർ പരി​ഗണിക്കാനിടയില്ല.

മുംബൈ: ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ആരാകും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുക എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ആരാധകരിപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സീനിയർ താരം ശിഖർ ധവാൻ ക്യാപ്റ്റനാകാനാണ് കൂടുതൽ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഹാർദ്ദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും പരിക്ക് ഭേദമായാൽ ശ്രേയസ് അയ്യരും സെലക്ടർമാരുടെ പരിഗണനയിലുണ്ട്.

ജൂലൈയിൽ നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ രണ്ടാം നിര ടീമിനെയാകും ഇന്ത്യ അയക്കുക. ശിഖർ ധവാൻ, ഹർദ്ദിക് പാണ്ഡ്യ എന്നിവർക്കൊപ്പം ഐപിഎല്ലിൽ നന്നായി കളിച്ച സഞ്ജു സാംസൺ, പൃഥ്വി ഷാ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ, നവ്ദീപ് സെയ്നി തുടങ്ങിയവർ ടീമിൽ എത്തിയേക്കുമെന്നാണ് കരുതുന്നത്.

തോളിനേറ്റ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ് അയ്യർ ടീമിൽ എത്താൻ സാധ്യത കുറവാണ്. എന്നാൽ കായികക്ഷമത തെളിയിച്ച്  അയ്യർ ടീമിലെത്തിയാൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മറ്റൊരു പേര്  സെലക്ടർമാർ പരി​ഗണിക്കാനിടയില്ല. അയ്യർ ഇല്ലെങ്കിൽ ശിഖർ ധവാൻ്റെ പേരിനാണ് മുൻതൂക്കം. 2018ലെ' ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഉപനായകനായിരുന്നു ധവാൻ.

142 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരത്തിൻ്റെ അനുഭവ സമ്പത്ത് ഇന്ത്യക്ക് കരുത്തായേക്കും. ഐപിഎല്ലിലും ഈ സീസണിൽ മികച്ച ഫോമിലായിരുന്ന ധവാൻ എട്ട് കളികളിൽനിന്ന് 380 റൺസും നേടിയിരുന്നു.
ഹർദ്ദിക് പാണ്ഡ്യയാണ് രണ്ടാമത് നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി തീരുമാനങ്ങളെടുക്കുന്നതിൽ ഹർദ്ദിക് ഭാ​ഗമാകാറുണ്ട്.

പേസർ ഭുവനേശ്വർ കുമാറും പരിഗണിക്കപ്പെട്ടേക്കാം. ഐപിഎല്ലിൽ ഏതാനും മത്സരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച പരിചയം ഭുവനേശ്വർ കുമാറിനുണ്ട്. ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നിയമിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ജൂലൈ 13,16,19 തിയ്യതികളിലാണ് ഇന്ത്യ -ശ്രീലങ്ക ഏകദിന പോരാട്ടങ്ങൾ. പിന്നാലെ ടി20 മത്സരങ്ങളും നടക്കും.

വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം ജൂൺ രണ്ടിനാണ് ഇംഗ്ലണ്ടിലേക്ക് പോവുക. ജൂൺ 18 നാണ് ന്യൂസിലൻസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ കലാശപ്പോരാട്ടം തുടങ്ങുക. ജൂലൈയിൽ ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ ടീം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര കളിക്കും. വിരാട് കോലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, റിഷഭ് പന്ത് എന്നിവരടങ്ങിയ അംഗ സ്ക്വാഡാണ് ഇംഗ്ലണ്ടിലേക്ക് പോവുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!