ഒത്തുകളിക്കാരോട് 'കടക്ക് പുറത്ത്'; ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ താരങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

By Web TeamFirst Published Nov 21, 2020, 5:52 PM IST
Highlights

അഴിമതിരഹിത ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ എല്ലാ താരങ്ങളും ഒഫീഷ്യല്‍സും ആന്‍ഡി കറപ്‌ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 

കൊളംബോ: ലങ്ക പ്രീമിയര്‍ ലീഗ് അഴിമതിരഹിതമായി നടത്താന്‍ ശക്തമായ നടപടികളുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഐസിസി അഴിമതി വിരുദ്ധ സമിതിയും ശ്രീലങ്കന്‍ ബോര്‍ഡിന്‍റെ അഴിമതി വിരുദ്ധ സമിതിയും ചേര്‍ന്ന് ടൂര്‍ണമെന്‍റില്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തുമെന്ന് ബോര്‍ഡ് അറിയിച്ചു. 

അഴിമതി വിരുദ്ധ സമിതിയുടെ മുതിര്‍ന്ന അംഗങ്ങള്‍ എല്ലാ മത്സരങ്ങളും വീക്ഷിക്കാനെത്തും. അതോടൊപ്പം ടീം ഹോട്ടലുകളിലും പരിപാടികളിലും ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തും. താരങ്ങളേയോ ഒഫീഷ്യല്‍സിനേയോ വാതുവയ്‌പ് സംഘങ്ങള്‍ സമീപിച്ചാല്‍ അത് ഉടനടി ഏജന്‍സികളെ അറിയിക്കേണ്ടതുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്‌ലൈന്‍ സൗകര്യമുണ്ടാകും. ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് താരങ്ങളെയും ഒഫീഷ്യല്‍സിനേയും ബോധവല്‍ക്കരിക്കുന്നതും പദ്ധതിയിലുണ്ട്.

അഴിമതിരഹിത ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ എല്ലാ താരങ്ങളും ഒഫീഷ്യല്‍സും ആന്‍ഡി കറപ്‌ഷന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദേശിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇങ ആഷ്‌ലി ഡി സില്‍വ വ്യക്തമാക്കി. ഐസിസി, ലങ്കന്‍ ബോര്‍ഡ് അഴിമതി വിരുദ്ധ സമിതികള്‍ക്ക് പുറമെ സര്‍ക്കാര്‍ സുരക്ഷാ സംവിധാനങ്ങളുടെ സഹായം തേടുമെന്നും അദേഹം പറഞ്ഞു. 

ലങ്ക പ്രീമീയര്‍ ലീഗിന്‍റെ ആദ്യ സീസണ്‍ അടുത്ത വാരം ആരംഭിക്കും. കൊളംബോ, കാന്‍ഡി, ഗോള്‍, ദംബുള്ള, ജാഫ്‌ന നഗരങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ടൂര്‍ണമെന്‍റില്‍ 23 മത്സരങ്ങളാണുള്ളത്. നവംബര്‍ 26ന് കൊളംബോ-കാന്‍ഡി മത്സരത്തോടെയാണ് തുടക്കമാവുക. ഡിസംബര്‍ 16നാണ് കലാശപ്പോര്. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ മത്സരങ്ങളും മഹിന്ദ രജപക്‌സെ സ്റ്റേഡിയത്തിലാണ് നടക്കുക. 

'മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വലിയ ഭീഷണി'; കോലിപ്പടയ്‌ക്ക് മുന്നറിയിപ്പുമായി ഗാവസ്‌കര്‍

click me!