മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി വിഖ്യാത താരം സുനില്‍ ഗാവസ്‌കര്‍. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മുന്‍ നായകന്‍ സ്റ്റീവ് സ്‌‌മിത്തും ഇന്ത്യക്ക് കനത്ത വെല്ലുവിളിയാവും എന്നാണ് ഗാവസ്‌കറുടെ വിലയിരുത്തല്‍. ഒരു യുവ ബാറ്റ്സ്‌മാന്‍റെ പേരും മുന്‍താരം പറയുന്നുണ്ട്. 

'ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്‌മിത്തും തിരിച്ചെത്തിയതോടെ ഓസീസ് വ്യത്യസ്‌ത ടീമായി കഴിഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വമ്പന്‍ വളര്‍ച്ച കാട്ടിയ മാര്‍നസ് ലബുഷെയ്‌നും വലിയ വെല്ലുവിളിയാണ്. 2018-19 പരമ്പരയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിര വളരെയധികം കരുത്തരാണ്. കഴിഞ്ഞ തവണ ഒരു ഓസീസ് ബാറ്റ്സ്‌മാന് പോലും സെഞ്ചുറി നേടിയില്ല. ഓസീസ് മുന്‍നിരയെ പിഴുതെറിയാനുള്ള കരുത്ത് ഇന്ത്യന്‍ ബൗളിംഗ് നിരയ്‌ക്കുണ്ട്. അതിനാല്‍ വാശിയേറിയ പോരാട്ടമാകും ഇരു ടീമുകളും തമ്മില്‍ നടക്കുക' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

കഴിഞ്ഞ തവണ ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ടെസ്റ്റ് പരമ്പര കോലിപ്പടയ്‌ക്ക് നേടാനായി. 2-1നായിരുന്നു ടീം ഇന്ത്യയുടെ ജയം. എന്നാല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായിരുന്നു വാര്‍ണര്‍ക്കും സ്‌മിത്തിനും അന്ന് കളിക്കാനായില്ല. 258 റണ്‍സ് നേടിയ മാര്‍ക്കസ് ഹാരിസായിരുന്നു ഓസീസിന്‍റെ ടോപ് സ്‌കോറര്‍. അതേസമയം പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ചേതേശ്വര്‍ പൂജാര അടിച്ചുകൂട്ടിയത് 521 റണ്‍സും. 

ഈമാസം 27നാണ് ഓസ്‌ട്രേലിയ-ഇന്ത്യ ഏകദിന പരമ്പരയ്‌ക്ക് തുടക്കമാവുക. പരമ്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. ‍ഡിസംബർ നാലിന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയിലും മൂന്ന് മത്സരങ്ങളുണ്ട്. ഡിസംബർ 17നാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പകലും രാത്രിയുമായാണ്. ആദ്യമായാണ് ഇന്ത്യ വിദേശത്ത് പിങ്ക് പന്തില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റിന് ശേഷം നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങും. 

പിതാവിന്‍റെ അപ്രതീക്ഷിത വേര്‍പാട്; മുഹമ്മദ് സിറാജിന് കരുത്തുപകര്‍ന്ന് ഗാംഗുലിയുടെ വാക്കുകള്‍