Mahela Jayawardene : മഹേല ജയവര്‍ധനെ ശ്രീലങ്കയുടെ കണ്‍സള്‍ട്ടന്‍റ് കോച്ച്

By Web TeamFirst Published Dec 13, 2021, 6:28 PM IST
Highlights

ദേശീയ ടീമിന്‍റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ട ചുമതല ജയവര്‍ധനെക്ക് ആയിരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ദേശീയ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റ് പരിശീലകനായിരിക്കുന്നതിനൊപ്പം അണ്ടര്‍ 19 ടീമിന്‍റെ മെന്‍ററായും കണ്‍സള്‍ട്ടന്‍റായും ജയവര്‍ധനെ പ്രവര്‍ത്തിക്കും.


കൊളംബോ: മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ(Mahela Jayawardene) ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ(Sri Lankan Cricket Team) കണ്‍സള്‍ട്ടന്‍റ് കോച്ചായി നിയമിച്ചു. ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിലും ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബയോ ബബ്ബിളില്‍ തുടരുന്നതിന്‍റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നാട്ടിലേക്ക് മടങ്ങി.

ദേശീയ ടീമിന്‍റെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ട ചുമതല ജയവര്‍ധനെക്ക് ആയിരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ദേശീയ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റ് പരിശീലകനായിരിക്കുന്നതിനൊപ്പം അണ്ടര്‍ 19 ടീമിന്‍റെ മെന്‍ററായും കണ്‍സള്‍ട്ടന്‍റായും ജയവര്‍ധനെ പ്രവര്‍ത്തിക്കും. ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ലങ്കന്‍ ടീമിന് ഗുണകരമായിരുന്നുവെന്നും അദ്ദേഹത്തെ പുതിയ ചുമതലയേല്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീലങ്കന്‍  ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആഷ്‌ലി ഡിസില്‍വ പറഞ്ഞു.

പുതിയ ഉത്തരവാദിത്തം അവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് ജയവര്‍ധനെ പറഞ്ഞു. വിവിധ തലങ്ങളിലുടെ പ്രതിഭകളയും ടീമുകളെയും ഒത്തൊരുമിച്ച് ഒരു ലക്ഷ്യത്തിലൂടെ കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജയവര്‍ധനെ വ്യക്തമാക്കി. ദേശീയ ടീമിന്‍റെ പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിന് ഉപദേശങ്ങള്‍ നല്‍കുകയും മത്സരങ്ങള്‍ക്ക് മുമ്പ് തന്ത്രങ്ങള്‍ മെനയുകയുമാണ് തന്‍റെ ജോലിയെന്നും ജയവര്‍ധനെ വ്യക്തമാക്കി.

2016 മുതല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലകനാണ് ജയവര്‍ധനെ. റിക്കി പോണ്ടിംഗില്‍ നിന്ന് മുംബൈയുടെ പരിശീലക ചുമതല ഏറ്റെടുത്ത ജയവര്‍ധനെ അവരെ 2017, 2019, 2020 വര്‍ഷങ്ങളില്‍ കിരീടത്തിലേക്ക് നയിച്ചിരുന്നു.

click me!