
ദില്ലി: 2021ലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര (Aakash Chopra). നാല് ഇന്ത്യന്‍ താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ഇല്ലെന്നുളളതാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്. കോലി മാത്രമല്ല, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins), ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര (Jasprit Bumrah), ഓസീസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്ത്, മര്‍ണസ് ലബുഷെയ്ന്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നേടനായില്ല. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് ചോപ്രയുടെ ടീമിനെ നയിക്കുന്നത്.
ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. രോഹിത്താണ് ഓപ്പണര്‍. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ സഹഓപ്പണറാവും. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് മൂന്നാമനായി ക്രീസിലെത്തും. ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്‌കോറര്‍ കൂടിയാണ് റൂട്ട്. അടുത്തത് വില്യംസണാണ്. അഞ്ചാമനായി പാകിസ്ഥാന്‍ വെറ്ററന്‍ താരം ഫവാദ് ആലമെത്തും.
വിക്കറ്റിന് പിന്നില്‍ റിഷഭ് പന്താണ്. ഫവാദിന് ശേഷം പന്ത് കളിക്കാനെത്തും. പേസ് ബൗളര്‍ ഓള്‍റൗണ്ടറായി ന്യൂസില്‍ഡിന്റെ കെയ്ല്‍ ജെയ്മിസണെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അശ്വിന് സ്പിന്‍ ഓള്‍റൗണ്ടര്‍ എന്ന പരിഗണനയാണ് നല്‍കിയിട്ടുള്ളത്. അക്‌സറാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിര്‍.
ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജിയേും പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ നറുക്ക് അക്‌സറിന് വീഴുകയായിരുന്നു. പേസര്‍മാരായി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനേയും പാകിസ്ഥാന്റെ ഷഹീന്‍ ആഫ്രീദിയേും ചോപ്ര ടീമിലെടുത്തു.