ബുമ്രയുടെ പരിക്ക് മറച്ചുവച്ചു? ഫോമില്ലായ്മയ്ക്ക് കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ

Published : May 23, 2026, 06:10 PM IST
Jasprit Bumrah

Synopsis

മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുമ്രയുടെ ഐപിഎല്ലിലെ മോശം പ്രകടനത്തിന് കാരണം ലോകകപ്പിനിടെയുണ്ടായ ചെറിയ പരിക്കാണെന്ന് മുഖ്യ പരിശീലകൻ മഹേല ജയവർധനെ വെളിപ്പെടുത്തി.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രിത് ബുംറയുടെ ഫോമില്ലായ്മയ്ക്ക് പിന്നിലെ കാരണം വ്യക്തമാക്കി മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനെ. ഈ സീസണില്‍ ബുംറയ്ക്ക് തന്റെ പതിവ് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല. കളിച്ച 13 മത്സരങ്ങളില്‍ നിന്ന് വെറും നാല് വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. മുന്‍നിര പേസര്‍ ഫോമിലല്ലാതിരുന്നതോടെ കടുത്ത പ്രതിസന്ധിയിലായ അഞ്ച് തവണത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇതിനകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കുന്ന അവസാന മത്സരത്തില്‍ മാനം രക്ഷിക്കാന്‍ വേണ്ടിയാണ് മുംബൈ ഇറങ്ങുന്നത്. ടി20 ലോകകപ്പിനിടെ ഉണ്ടായ ചെറിയ പരിക്ക് മാറാതെയുമായാണ് ബുംറ ഐപിഎല്ലിലേക്ക് എത്തിയതെന്നും, പരിക്ക് മാറി താളം കണ്ടെത്താന്‍ അദ്ദേഹത്തിന് സമയം വേണ്ടി വന്നതായും വാര്‍ത്താസമ്മേളനത്തില്‍ ജയവര്‍ധനെ പറഞ്ഞു. ''ലോകകപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന് ചെറിയൊരു പരിക്കുണ്ടായിരുന്നു. ആ പരിക്കോടെയാണ് അദ്ദേഹം ടൂര്‍ണമെന്റിലുടനീളം കളിച്ചത്. അതിനാല്‍ തിരിച്ചെത്തിയ ശേഷം ഞങ്ങള്‍ അദ്ദേഹത്തിന് ആവശ്യത്തിന് വിശ്രമം നല്‍കി. ആദ്യത്തെ നാലോ അഞ്ചോ മത്സരങ്ങള്‍ അദ്ദേഹത്തിന് പൂര്‍ണ്ണമായി സുഖം പ്രാപിക്കാനുള്ള ഒരു ഘട്ടമായിരുന്നു. അതുകൊണ്ടാണ് തുടക്കത്തില്‍ അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത അല്പം കുറവായിരുന്നത്.'' ജയവര്‍ധനെ വ്യക്തമാക്കി.

ജയവര്‍ധനെ... ''ഇപ്പോള്‍ അദ്ദേഹം തന്റെ പൂര്‍ണ്ണ വേഗതയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളില്‍ അദ്ദേഹം മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. എന്നാല്‍ ഇത്തരം ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍, പരിക്കിനെക്കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നതിനാല്‍ പന്തെറിയുന്നതിലെ ആ കൃത്യതയില്‍ നേരിയ കുറവുണ്ടാകാം. ആരോഗ്യപരമായി അദ്ദേഹം ഇപ്പോള്‍ 100 ശതമാനം ഫിറ്റാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ഈ സീസണ്‍ അവസാനിച്ചു. ചില സാഹചര്യങ്ങളില്‍ ടീമുകള്‍ അദ്ദേഹത്തിനെതിരെ വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന് ചുറ്റും മറ്റ് ബൗളര്‍മാരെക്കൊണ്ട് ആവശ്യത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ നമുക്ക് കഴിഞ്ഞില്ല.'' ജയവര്‍ധനെ കൂട്ടിച്ചേര്‍ത്തു.

ബുംറയ്‌ക്കെതിരെ റിസ്‌ക് എടുക്കാതെ എതിരാളികള്‍

കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റ് (8.36) ഇപ്പോഴും ബുംറയ്ക്കാണ്. എതിര്‍ ബാറ്റ്‌സ്മാന്മാര്‍ ബുംറയ്‌ക്കെതിരെ അമിതമായി ആക്രമിച്ചു കളിക്കാന്‍ മുതിരുന്നില്ലെന്നും, മറ്റ് അറ്റത്തുനിന്ന് മറ്റ് മുംബൈ ബൗളര്‍മാര്‍ക്ക് കൃത്യമായി സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കാത്തതും വിക്കറ്റ് കുറയാന്‍ കാരണമായെന്ന് ജയവര്‍ധനെ ചൂണ്ടിക്കാട്ടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: വൈഭവിന് തകർക്കാൻ റെക്കോർഡുകള്‍ തീർക്കുന്ന സീനിയേഴ്‌സ്
ഐപിഎല്‍ 2026: ഓടിക്കയറുമോ പഞ്ചാബ്? ഒരു സ്ഥാനം, നാല് ടീമുകള്‍! പ്ലേ ഓഫ് സാധ്യതകള്‍ അറിയാം