ജോഫ്ര ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ച സംഭവം; ആരാധകന് രണ്ട് വര്‍ഷം വിലക്ക്

By Web TeamFirst Published Jan 14, 2020, 12:11 PM IST
Highlights

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇംഗ്ലണ്ടിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെയായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്

ഹാമിള്‍ട്ടണ്‍: ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ആരാധകന് രണ്ട് വര്‍ഷം വിലക്ക്. ന്യൂസിലന്‍ഡിലെ അന്താരാഷ്‌ട്ര- ആഭ്യന്തര മത്സരങ്ങളില്‍ നിന്നാണ് ആരാധകനെ വിലക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇംഗ്ലണ്ടിന്‍റെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെയായിരുന്നു വിവാദമായ സംഭവം അരങ്ങേറിയത്.

'ന്യൂസിലന്‍ഡില്‍ വെച്ച് മോശം പെരുമാറ്റം നേരിട്ടതില്‍ ആര്‍ച്ചറോടും ഇംഗ്ലണ്ട് ടീമിനോടും വീണ്ടും മാപ്പ് പറയുകയാണ്. വംശീയാധിക്ഷേപം പോലുള്ള നീക്കങ്ങള്‍ ഒരിക്കലും അനുവദിച്ചുകൊടുക്കില്ല. വിലക്ക് ലംഘിച്ചാല്‍ ആരാധകന്‍ പൊലീസ് നടപടി നേരിടേണ്ടിവരും' എന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വക്‌താവ് അറിയിച്ചു. ഓക്‌ലന്‍ഡില്‍ നിന്നുള്ള ഇരുപത്തിയെട്ടുകാരനായ ആരാധകനാണ് പ്രതി എന്നാണ് റിപ്പോര്‍ട്ട്. ആര്‍ച്ചറുടെ പരാതിയെ തുടര്‍ന്ന് സിസിടിവി പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

ബേ ഓവലില്‍ അന്ന് ആര്‍ച്ചര്‍ കരഞ്ഞു

ബേ ഓവലില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ അവസാന ദിനം പുറത്തായ ശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവേയാണ് ആരാധകന്‍ ആര്‍ച്ചറെ വംശീയമായി അപമാനിച്ചത്. സംഭവം മത്സരശേഷം ആര്‍ച്ചര്‍ ട്വിറ്ററില്‍ വെളിപ്പെടുത്തിയതോടെ ന്യൂസിലന്‍ഡ് ബോര്‍ഡും പൊലീസും അന്വേഷണം ആരംഭിക്കുകയായിരുന്നു. ''എന്റെ ടീമിനെ പരാജയത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണികളില്‍ ഒരാളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത് വേദനിപ്പിക്കുന്നു. അയാള്‍ ഒഴികെയുള്ള കാണികള്‍ അതിശയപ്പെടുത്തി എന്നായിരുന്നു ആര്‍ച്ചറുടെ ട്വീറ്റ്.

ആരാധകന്‍റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ കിവീസ് ബോര്‍ഡ് അന്നുതന്നെ മാപ്പ് പറഞ്ഞിരുന്നു. "ക്രിക്കറ്റില്‍ ഇംഗ്ലണ്ട് എതിരാളികളായിരിക്കാം. എന്നാല്‍ അവര്‍ നമ്മുടെ സുഹൃത്തുക്കളാണെന്ന് മറന്നുപോകരുത്. വംശീയാധിക്ഷേപം ഒരിക്കലും അംഗീകരിക്കാനാവില്ല" എന്നും ബോര്‍ഡ് വ്യക്തമാക്കി. സംഭവത്തെ അപലപിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടിരുന്നു. ആര്‍ച്ചറെ വംശീയമായി അധിക്ഷേപിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ എതിര്‍പ്പിന് വഴിവെച്ചിരുന്നു. 
 

click me!