മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറാന്‍ കാരണം ഐപിഎല്‍: മൈക്കല്‍ വോണ്‍

By Web TeamFirst Published Sep 11, 2021, 7:18 PM IST
Highlights

 ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാന്‍ 11 പേരെ കണ്ടെത്താന്‍ ഇന്ത്യ പാടുപെട്ടുവെന്ന് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ടെന്നും വോണ്‍.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചതിന് പിന്നില്‍ ഐപിഎല്‍ ആണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐപിഎല്ലുമാണ് ഇന്ത്യന്‍ കളിക്കാരുടെ പിന്‍മാറ്റത്തിന് കാരണമെന്നും വോണ്‍ ടെലഗ്രാഫിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

ഐപിഎല്ലിന് മുന്നോടിയായി കൊവിഡ് പിടിപെടുമോ എന്ന ഭീതിയിലായിരുന്നു ഇന്ത്യന്‍ കളിക്കാര്‍. സത്യസന്ധമായി പറഞ്ഞാല്‍ പണവും ഐപിഎല്ലും മാത്രമാണ് അവരുടെ പിന്‍മാറ്റത്തിന് പിന്നില്‍. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ ഐപിഎല്ലില്‍ ഊര്‍ജ്ജസ്വലരായി ചിരിക്കുന്ന മുഖത്തോടെ സന്തോഷത്തോടെ കളിക്കുന്ന ഇന്ത്യന്‍ കളിക്കാരെ കാണാം. എന്നാല്‍ മത്സരത്തിന് മുമ്പ് നടത്തിയ പിസിആര്‍ പരിശോധനയെ അവര്‍ വിശ്വസിക്കണമായിരുന്നു.

ഈ വൈറസിനെപ്പറ്റി നമുക്കിപ്പോള്‍ ഏതാണ്ട് ധാരണയുണ്ട്. എങ്ങനെ കൈകാര്യം ചെയ്യണം, എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നെല്ലാം. ഇതിനെല്ലാം പുറമെ കളിക്കാരെല്ലാം രണ്ട് തവണ വാക്സിന്‍ സ്വീകരിച്ചവരുമാണ്. ബയോ സെക്യൂര്‍ ബബ്ബിളില്‍ ആവശ്യമായിരുന്നുവെങ്കില്‍ സുരക്ഷ കൂട്ടാമായിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാന്‍ 11 പേരെ കണ്ടെത്താന്‍ ഇന്ത്യ പാടുപെട്ടുവെന്ന് വിശ്വസിക്കാന്‍ കുറച്ച് പ്രയാസമുണ്ട്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലനില്‍പ്പിന് തന്നെ ഈ മത്സരം അനിവാര്യമായിരുന്നു. പരമ്പര അത്രമാത്രം ആവേശകരമായിരുന്നു. ടെസ്റ്റ് മത്സരത്തിലെ ടോസിന്  ഒന്നര മണിക്കൂര്‍ മുമ്പ് മത്സരം റദ്ദാക്കുക എന്നത് അത്രമാത്രം എളുപ്പമുള്ള കാര്യമല്ല. മത്സരം കാണാനാത്തിയ ആയിരക്കണക്കിനാളുകളെ അപമാനിക്കുന്നതിന് തുല്യമാണതെന്നും വോണ്‍ പറഞ്ഞു.

സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ വിസമ്മതിച്ചത്. അടുത്തവര്‍ഷം ഏകദിന, ടി20 പരമ്പരകള്‍ക്കായി ഇംഗ്ലണ്ടിലെത്തുമ്പോള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാമെന്നാണ് ഇന്ത്യയുടെ വാഗ്ദാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
                            

click me!