ഇംഗ്ലണ്ടില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിസ്‌മരിക്കാനാവില്ല; പ്രശംസിച്ച് സെവാഗ്

By Web TeamFirst Published Sep 11, 2021, 12:30 PM IST
Highlights

ഇംഗ്ലണ്ടില്‍ രണ്ട് താരങ്ങളുടെ സംഭാവനകള്‍ ഇന്ത്യന്‍ ടീമിന് മറക്കാന്‍ കഴിയില്ല എന്നാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പറയുന്നത്

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സിലാണ് അവസാനിച്ചത്. ഇന്ത്യന്‍ ക്യാമ്പില്‍ നാല് പേര്‍ക്ക് കൊവിഡ് പിടിപെട്ടതോടെ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയുമായ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കുകയായിരുന്നു. ടീം ഇന്ത്യ 2-1ന് പരമ്പരയില്‍ മുന്നില്‍ നില്‍ക്കേയാണ് അവസാന മത്സരം കൊവിഡ് തട്ടിയെടുത്തത്. എങ്കിലും ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന് ഓര്‍ത്തിരിക്കാന്‍ ഒട്ടേറെ നല്ല മുഹൂര്‍ത്തങ്ങളുണ്ട്. 

ഇംഗ്ലണ്ടില്‍ രണ്ട് താരങ്ങളുടെ സംഭാവനകള്‍ ഇന്ത്യന്‍ ടീമിന് മറക്കാന്‍ കഴിയില്ല എന്നാണ് ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പറയുന്നത്. 

'കെ എല്‍ രാഹുലും രോഹിത് ശര്‍മ്മയും നല്‍കിയ സംഭാവനകള്‍ വിസ്‌മരിക്കാനാവില്ല. ഇരുവരുടേയും കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മധ്യനിര നേരത്തെ മടങ്ങുകയും ഇന്ത്യ പെട്ടെന്ന് പുറത്താവുകയും ചെയ്യുമായിരുന്നു. മിഡില്‍ ഓര്‍ഡര്‍ ഫോമിലല്ലാതിരുന്നിട്ടും ഇന്ത്യയെ ശക്തമായ പൊസിഷനില്‍ എത്തിച്ചത് ഓപ്പണര്‍മാരാണ്' എന്നും വീരു കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട് രാഹുലും രോഹിത്തുമായിരുന്നു. ലോര്‍ഡ്‌സില്‍ സെഞ്ചുറിക്കൂട്ടുകെട്ട് തീര്‍ത്ത ഇരുവരും നോട്ടിംഗ്‌ഹാമിലും ഓവലിലും അര്‍ധ സെഞ്ചുറി പാര്‍ട്‌ണര്‍ഷിപ്പും സൃഷ്‌ടിച്ചു. പരമ്പരയില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളും ഇവരാണ്. രോഹിത് നാല് മത്സരങ്ങളില്‍ നിന്ന് 368 ഉം രാഹുല്‍ 315 ഉം റണ്‍സ് നേടി റണ്‍വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനം നേടി.  

കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്‌ക്കും പുറമെ മറ്റ് ചില ഇന്ത്യന്‍ താരങ്ങളുടെ മികവ് കൂടി ഇംഗ്ലണ്ട് പര്യടനത്തില്‍ നിര്‍ണായകമായി. പേസര്‍ ജസ്‌പ്രീത് ബുമ്ര ഫോമിലേക്ക് തിരിച്ചെത്തിയതാണ് ഇതില്‍ പ്രധാനം. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ ഓള്‍റൗണ്ട് മികവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ മുഹമ്മദ് സിറാജ് മികവ് തുടര്‍ന്നു. ബുമ്ര 18 ഉം സിറാജ് 14 ഉം ഷമി 11 ഉം വിക്കറ്റ് നേടി. അതേസമയം ഠാക്കൂര്‍ രണ്ട് മത്സരങ്ങളില്‍ ഏഴ് വിക്കറ്റും 117 റണ്‍സും നേടി. 

'2008ല്‍ ഇംഗ്ലണ്ട് കാണിച്ച മാന്യത മറക്കാനാവില്ല'; മാഞ്ചസ്റ്റര്‍ ടെസ്റ്റ് പുനക്രമീകരിക്കണമെന്ന് ഗാവസ്‌കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!