ഇന്ത്യന്‍ ടീം ആരുടെയും സ്വകാര്യ സ്വത്തല്ല; ധോണിക്കെതിരെ മനോജ് തിവാരി

By Web TeamFirst Published Aug 22, 2019, 5:21 PM IST
Highlights

കോലി മാത്രമാണ് ധോണിയെ ടീമില്‍ നിലനിര്‍ത്തണമെന്ന് വാശിപിടിക്കുന്നത്. സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ കടുത്ത തീരുമാനം എടുത്തേ മതിയാവു. സെലക്ഷന്‍ കമ്മിറ്റി ധൈര്യം കാട്ടേണ്ട സമയമാണിത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എം എസ് ധോണിയുടെ സ്ഥാനം ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. മുന്‍കാല പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ധോണിക്ക് സെലക്ടര്‍മാര്‍ ഇപ്പോഴും ടീമില്‍ ഇടം നല്‍കുന്നതെന്നും ഒരുപാട് പ്രതിഭകള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തവര്‍ പുറത്തുപോയെ മതിയാവൂ എന്നും തിവാരി പറഞ്ഞു. ഇന്ത്യന്‍ ടീം ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തിവാരി വ്യക്തമാക്കി.

രാജ്യത്തിനായി മികവുറ്റ പ്രകടനം പുറത്തെടുത്തിട്ടുള്ള കളിക്കാരനാണ് ധോണി. എന്നാല്‍ സമീപകാലത്തെ ധോണിയുടെ പ്രകടനങ്ങള്‍ ഒട്ടും ആശാവഹമല്ല. ഇന്ത്യന്‍ ടീമിലെ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പോലും സംശയമുന്നയിച്ചു കഴിഞ്ഞു. കോലി മാത്രമാണ് ധോണിയെ ടീമില്‍ നിലനിര്‍ത്തണമെന്ന് വാശിപിടിക്കുന്നത്. സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ കടുത്ത തീരുമാനം എടുത്തേ മതിയാവു. സെലക്ഷന്‍ കമ്മിറ്റി ധൈര്യം കാട്ടേണ്ട സമയമാണിത്.

ധോണിയുടെ ഒന്നോ രണ്ടോ പ്രകടനങ്ങളുടെ പേരിലല്ല ഇതു പറയുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ധോണിയുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ടാണ്. അതുകൊണ്ടുതന്നെ മുന്‍കാല പ്രകടനങ്ങളുടെ പേരില്‍ മാത്രമാണ് ധോണിക്ക് ഇപ്പോള്‍ ടീമില്‍ അവസരം ലഭിക്കുന്നത്. ഒരുപാട് പ്രതിഭകള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോഴാണിത്. ഈ ടീം രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അല്ലാതെ, ഇതാരുടെയും സ്വകാര്യ സ്വത്തല്ല. അതോര്‍ത്താവണം എപ്പോഴും തീരുമാനമെടുക്കേണ്ടതെന്നും തിവാരി പറഞ്ഞു.

ഐപിഎല്ലിലെ കഴിഞ്ഞ സീസണില്‍ ഒരു ടീമിലും ഇടം പിടിക്കാതിരുന്ന 33കാരനായ തിവാരിയെ സമീപകാലത്ത് ദുലീപ് ട്രോഫിക്കുള്ള ടീമില്‍ നിന്നും സെലക്ടര്‍മാര്‍ തഴഞ്ഞിരുന്നു. ഇതിനെതിരെ താരം ശക്തമായി പ്രതികരിച്ചിരുന്നു.

click me!