നെഞ്ചുവേദന അനുഭവപ്പെട്ട ഉടൻ തന്നെ ടീം മെഡിക്കൽ സ്റ്റാഫ് പ്രാഥമിക ശുശ്രൂഷ നൽകുകയും സൗത്ത് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ദില്ലി: ടി20 ലോകകപ്പിനായി ഡൽഹിയിലെത്തിയ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ആശങ്ക പരത്തി ടീം അംഗത്തിന് ഹൃദയാഘാതം. അഫ്ഗാൻ ടീമിന്‍റെ പെർഫോമൻസ് അനലിസ്റ്റായ കെ.സി. രാമ സുബ്രഹ്മണ്യനാണ് ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ദില്ലിയിലെ ടീം ഹോട്ടലിൽ വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

നെഞ്ചുവേദന അനുഭവപ്പെട്ട ഉടൻ തന്നെ ടീം മെഡിക്കൽ സ്റ്റാഫ് പ്രാഥമിക ശുശ്രൂഷ നൽകുകയും സൗത്ത് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിശോധനയിൽ അദ്ദേഹത്തിന് മൈൽഡ് ഹാർട്ട് അറ്റാക്ക് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവിൽ അപകടനില തരണം ചെയ്ത അദ്ദേഹം ഐസിയുവിൽ നിരീക്ഷണത്തിലാണ്. ക്യാപ്റ്റൻ റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ മുതിർന്ന താരങ്ങൾ ആശുപത്രിയിലെത്തി രാമ സുബ്രഹമണ്യത്തെ സന്ദർശിച്ചു. അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കണമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഭ്യർത്ഥിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ബിസിസിഐ വൃത്തങ്ങളും അറിയിച്ചു. ഐസിസിയും ബിസിസിഐയും അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോകകപ്പിൽ അഫ്ഗാന് ഇനി ജീവന്‍മരണ പോരാട്ടങ്ങൾ

ഗ്രൂപ്പ് ഡിയിൽ തുടർച്ചയായ രണ്ട് തോൽവികൾ വഴങ്ങി നിൽക്കുന്ന അഫ്ഗാനിസ്ഥാന് സൂപ്പര്‍ 8 കാണാതെ പുറത്താകലിന്‍റെ വക്കില്‍ നില്‍ക്കുകയാണ്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ 5 വിക്കറ്റിന് പരാജയപ്പെട്ട അഫ്ഗാൻ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആവേശപ്പോരില്‍ 'ഡബിൾ സൂപ്പർ ഓവർ' പോരാട്ടത്തിലും തോറ്റിരുന്നു. ഫെബ്രുവരി 16ന് ദില്ലിയില്‍ യുഎഇക്കെതിരെയും ഫെബ്രുവരി 19ന് ചെന്നൈയില്‍ കാനഡയ്ക്കെതിരെയുമാണ് അഫ്ഗാനിസ്ഥാന്‍രെ അടുത്ത മത്സരങ്ങള്‍. സൂപ്പർ 8 പ്രതീക്ഷകൾ നിലനിർത്താൻ വരാനിരിക്കുന്ന മത്സരങ്ങളിൽ വലിയ മാർജിനിൽ വിജയിക്കേണ്ടത് അഫ്ഗാന് അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക