
ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കന്നി ഏകദിന സെഞ്ചുറി കുറിച്ച യുവതാരം ശുഭ്‌മാന്‍ ഗില്ലിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. 82 പന്തില്‍ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ഗില്‍ 97 പന്തില്‍ 130 റണ്‍സടിച്ചാണ് പുറത്തായത്. ഗില്ലിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യക്ക് വമ്പന്‍ സ്കോര്‍ ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായത്.
ഇന്ത്യന്‍ സീനിയര്‍ കുപ്പായത്തിലെ ആദ്യ സെഞ്ചുറി കുറിച്ച ഗില്ലിനെ മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബ് കിംഗ്സില്‍ ഗില്ലിന്‍റെ മെന്‍ററുമായ യുവരാജ് സിംഗ് അഭിനന്ദിച്ചു. ഗില്‍ നന്നായി കളിച്ചു. അവന്‍ ഈ സെഞ്ചുറി അര്‍ഹിക്കുന്നു. ആദ്യ സെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍. ഇതൊരു തുടക്കം മാത്രം, ഇനിയുമേറെ വരാനിരിക്കുന്നു എന്നായിരുന്നു യുവി ട്വിറ്ററില്‍ കുറിച്ചത്.
ഈ യുവതാരത്തില്‍ നിന്ന് വരാനിരിക്കുന്ന എത്രയോ സെഞ്ചുറികളില്‍ ആദ്യത്തേത് എന്നായിരുന്നു ഇര്‍ഫാന്‍ പത്താന്‍റെ പ്രതികരണം.
ഇത് ശുഭ്മന്‍ ഗില്ലിന്‍റെ സമയമെന്നായിരുന്നു വിന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പിന്‍റെ പ്രതികരണം.
ഇതുപോലെയാണ് ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കേണ്ടതെന്ന് ഗില്ലിന്‍റെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ കുറിച്ചു.
ഇന്ത്യന്‍ ഏകദിന കുപ്പായത്തില്‍ ഇതുവരെ ആറ് ഇന്നിംഗ്സുകള്‍ മാത്രം കളിച്ചിട്ടുള്ള ഗില്ലിന്‍റെ സ്കോര്‍ ഏത് യുവതാരത്തെയും അസൂയപ്പെടുത്തുന്നതാണ്. ആറ് ഇന്നിംഗ്സില്‍ നിന്ന് 112.5 ശരാശരിയില്‍ 111.6 സ്ട്രൈക്ക് റേറ്റില്‍ 45 റണ്‍സാണ് ഗില്‍ ഇതുവരെ നേടിയത്. 64, 43, 98*, 82*, 33, 130 എന്നിങ്ങനെയാണ് ഗില്ലിന്‍റെ കഴിഞ്ഞ ആറ് ഇന്നിംഗ്സിലെ സ്കോറുകള്‍. ഇന്ന് സെഞ്ചുറി നേടിയതിനൊപ്പം രാജ്യാന്തര ക്രിക്കറ്റില്‍ 1000 റണ്‍സ് തികക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!