
ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുന്തൂണായത് യുവതാരം ശുഭ്മാന്‍ ഗില്ലായിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെ വിക്കറ്റ് വീണതിന് പിന്നാലെ പതിനഞ്ചാം ഓവറില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്സിലെ അമ്പതാം ഓവറിലാണ് പുറത്തായത്.
ഇതിനിടെ മറുവശത്ത് ബാറ്റര്‍മാര്‍ മാറി മാറി വന്നെങ്കിലും റണ്‍നിരക്ക് താഴാതെ ഒരറ്റം കാത്ത ഗില്ലാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 82 പന്തില്‍ 12 ബൗണ്ടറികള്‍ പറത്തി ആദ്യ ഏകദിന സെഞ്ചുറി തികച്ച ഗില്‍ അമ്പതാം ഓവറില്‍ 97 പന്തില്‍ 130 റണ്‍സെടുത്താണ് പുറത്തായത്. ആകെ 15 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ഗില്ലിന്‍റെ ഇന്നിംഗ്സ്.
വ്യക്തിഗത സ്കോര്‍ 128 റണ്‍സ് പിന്നിട്ടതോടെ ഏകദിനങ്ങളില്‍ സിംബാബ്‌വെയില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും ഇന്ന് ഗില്‍ സ്വന്തം പേരിലാക്കി. സിംബാബ്‌വെിലെ ഏകദിന റണ്‍വേട്ടയില്‍ ബാറ്റിംഗ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് ഗില്‍ മറികടന്നത്. 1998ല്‍ ബുലവായോയില്‍ സച്ചിന്‍ നേടിയ 127 റണ്‍സായിരുന്നു സിംബാബ്‌വെയില്‍ ഏകദിനങ്ങളില്‍ ഒരു ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
വെസ്റ്റ് ഇന്‍ഡീസില്‍ ഗില്ലിന്‍റെ ആദ്യ ഏകദിന സെഞ്ചുറി മഴ തട്ടിയെടുത്തപ്പോള്‍ ഇവിടെ സിംബാബ്‌വെയിലും മഴ വില്ലനായി എത്തി. ഗില്‍ 98ല്‍ നില്‍ക്കെ മഴമൂലം കുറച്ചു സമയം കളി നിര്‍ത്തിവെച്ചുവെങ്കിലും മത്സരം പുനരാരംഭിച്ചപ്പോള്‍ ആശങ്കയേതുമില്ലാതെ ഗില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. വ്യക്തിഗത സ്കോര്‍ 111ല്‍ നില്‍ക്കെ ഗില്‍ നല്‍കിയ ക്യാച്ച് ന്യൗച്ചി നിലത്തിട്ടതും ഇന്ത്യക്ക് അനുഗ്രഹമായി.
ദീപക് ഹൂഡ പുറത്തായശേഷം ക്രീസിലെത്തിയ സഞ്ജു സാംസണെ സാക്ഷി നിര്‍ത്തിയായിരുന്നു ഗില്‍ തന്‍റെ ആദ്യ ഏകദിന സെഞ്ചുറിയിലേക്ക് എത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!