
കേപ്ടൗണ്‍: വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ അനായ ബംഗാറിന് അനുമതി നല്‍കിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മരിസാനെ കാപ്പ്. വനിതാ ക്രിക്കറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് അവര്‍ വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും കോച്ചുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകളായ അനായക്ക് ഓസ്‌ട്രേലിയയില്‍ കമ്മ്യൂണിറ്റി, പ്രീമിയര്‍ വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാപ്പിന്റെ പ്രതികരണം വന്നത്.
'തികച്ചും അസംബന്ധമാണിത്, ഇത് അനുവദിക്കാന്‍ പാടില്ല.' ഇന്‍സ്റ്റാഗ്രാമില്‍ കാപ്പ് കുറിച്ചു. പ്രധാന മത്സരത്തിലേക്ക് മടങ്ങിവരാനുള്ള തന്റെ പദ്ധതികളെക്കുറിച്ച് അനായ പരസ്യമായി സംസാരിച്ച് ദിവസങ്ങള്‍ക്കകമാണ് കാപ്പിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്. 2027 മാര്‍ച്ചോടെ എലീറ്റ് ക്രിക്കറ്റിലേക്ക് പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനായ. ജനനസമയത്ത് ആണ്‍കുട്ടിയായിരുന്ന അനായ, മുംബൈയുടെ യൂത്ത് ക്രിക്കറ്റ് സിസ്റ്റത്തില്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്ററായും ഓള്‍റൗണ്ടറായും തിളങ്ങിയിട്ടുണ്ട്. പിന്നീട് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള യാത്രയിലായിരുന്നു താരം.
2023-ല്‍ താന്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ആരംഭിച്ചതായി വ്യക്തമാക്കിയ അവര്‍, 2026-ല്‍ ജെന്‍ഡര്‍ അഫര്‍മിങ് സര്‍ജറിക്കും വിധേയയായി. തുടര്‍ന്നാണ് ഓസ്‌ട്രേലിയയില്‍ കമ്മ്യൂണിറ്റി, പ്രീമിയര്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അനായക്ക് അനുമതി നല്‍കിയത്. ഇത് എലീറ്റ് വനിതാ ക്രിക്കറ്റിലേക്കുള്ള വാതിലുകള്‍ തുറക്കുന്നുണ്ടെങ്കിലും, തനിക്ക് യാതൊരു ടീമിലും നേരിട്ട് ഇടം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് അനായ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കളിയിലൂടെയും പ്രകടനത്തിലൂടെയും മാത്രമേ ടീമില്‍ ഇടംനേടാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിലെ യോഗ്യതാ മാനദണ്ഡങ്ങളിലെ വ്യത്യാസമാണ് അനായയുടെ കാര്യത്തില്‍ ശ്രദ്ധേയമാകുന്നത്. ആണ്‍കുട്ടി ആയിരിക്കെ കൗമാരം പിന്നിട്ട ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ക്ക് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ കളിക്കാന്‍ അനുവാദമില്ലാത്തതാണ് 2023ല്‍ ഐസിസി കൊണ്ടുവന്ന നിയമം. എന്നാല്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആഭ്യന്തര ചട്ടപ്രകാരമുള്ള പരിശോധനകള്‍ക്ക് ശേഷമാണ് അനയക്ക് കമ്മ്യൂണിറ്റി, പ്രീമിയര്‍ ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!