ലഞ്ച്‌ ബ്രേക്കിനിടെ മുന്‍ ക്യാപ്‌റ്റന്‍ ഇമ്രാന്‍ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പി സി ബി) ബ്രോഡ്‌കാസ്‌റ്ററായ സ്‌കൈ സ്‌പോര്‍ട്‌സിനോട്‌ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മത്സരം ബഹിഷ്‌കരിക്കുമെന്നും പാക്കിസ്ഥാന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ലണ്ടന്‍: ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തരുത്‌ എന്ന്‌ പാക്കിസ്ഥാനോട്‌ പറയുന്നതില്‍ അര്‍ഥമില്ല. അവിടെ രണ്ടും ഒന്ന്‌ തന്നെ. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന പാക്കിസ്ഥാനില്‍ ക്രിക്കറ്റും എന്നും അതേ പാതയില്‍ തന്നെയാണ്‌. ഇപ്പോഴിതാ, ഇംഗ്ലണ്ട്‌-പാക്കിസ്ഥാന്‍ ടെസ്റ്റ്‌ പരമ്പരയ്‌ക്കിടെ ഒരു അസാധാരണ സംഭവം നടന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു.

ലോര്‍ഡ്‌സില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ദിവസം, ലഞ്ചിന്‌ പിരിഞ്ഞപ്പോളാണ്‌ സംഭവം. ലഞ്ച്‌ ബ്രേക്കിനിടെ മുന്‍ ക്യാപ്‌റ്റന്‍ ഇമ്രാന്‍ഖാന്റെ മക്കളുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പി സി ബി) ബ്രോഡ്‌കാസ്‌റ്ററായ സ്‌കൈ സ്‌പോര്‍ട്‌സിനോട്‌ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മത്സരം ബഹിഷ്‌കരിക്കുമെന്നും പാക്കിസ്ഥാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, അതൊന്നും ഗൗനിക്കാതെ സ്‌കൈ സ്‌പോര്‍ട്‌സ്‌ അഭിമുഖം സംപ്രേഷണം ചെയ്‌തു. ഇതില്‍ പ്രകോപിതരായ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌, കളിക്കാരോട്‌ ലഞ്ചിന്‌ ശേഷം ഗ്രൗണ്ടിലിറങ്ങേണ്ടെന്ന്‌ നിര്‍ദേശിച്ചെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പതിനെട്ട്‌ മിനുട്ട്‌ നേരമുള്ള അഭിമുഖം നേടത്തുന്നത്‌ മുന്‍ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ അതെര്‍ട്ടനാണ്‌. ഇമ്രാന്‍ഖാന്റെ ആരോഗ്യസ്ഥിതി വഷളായതില്‍ ആശങ്ക അറിയിച്ച്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ച 21 മുന്‍ ക്യാപ്‌റ്റന്‍മാരില്‍ ഒരാളാണ്‌ മൈക്കല്‍ അതെര്‍ട്ടന്‍. 2023 ഓഗസ്‌റ്റ്‌ മുതല്‍ ഇമ്രാന്‍ഖാന്‍ ജയിലിലാണ്‌.

ടെസ്‌റ്റ്‌ മത്സരത്തിനിടെ ഇമ്രാന്‍ഖാന്റെ മക്കള്‍ക്ക്‌ അമിതപ്രാധാന്യം ലഭിക്കുന്നത്‌ പി സി ബി രാഷ്ട്രീയപരമായി കാണുന്നുണ്ട്‌. അതുകൊണ്ടു തന്നെ മത്സരം നിര്‍ത്തിവെക്കുന്നത്‌ ഉള്‍പ്പടെയുള്ള തീരുമാനങ്ങളാണ്‌ പി സി ബിക്കുള്ളില്‍ നിന്ന്‌ വരുന്നതെന്നും ക്രിക്‌ഇന്‍ഫോ, ദ ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. അഭിമുഖം ടിവിയില്‍ കാണിച്ചാല്‍ ബാബര്‍ അസമിന്റെ നേതൃത്വത്തി്‌ലുള്ള ടീം മൈതാനത്തിറങ്ങില്ലെന്ന്‌ ബോര്‍ഡ്‌ നിലപാടെടുത്തു. പി സി ബിയുടെ ഭീഷണികള്‍ക്കിടയിലും സംപ്രേഷണം തുടര്‍ന്നു. എന്നാല്‍, ഇസിബി ഇടപെട്ടതോടെ ലഞ്ചിന്‌ ശേഷമുള്ള സെഷനില്‍ പാക്കിസ്ഥാന്‍ ടീം ഗ്രൗണ്ടിലിറങ്ങാന്‍ തയ്യാറായി.

അഭിമുഖത്തില്‍ ജയിലില്‍ കഴിയുന്ന പിതാവിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്ക ഇമ്രാന്റെ മക്കളായ സുലൈമാനും കാസിം ഖാനും പങ്കുവെച്ചു. അവര്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ വ്യക്തമല്ല, അദ്ദേഹത്തെ ജയിലില്‍ വെച്ച്‌ തന്നെ കൊലപ്പെടുത്താനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. കഴിയുന്നത്ര കാലം, പിതാവിനെ ജയിലില്‍ തടഞ്ഞുവെച്ച്‌ നിശബ്ദമാക്കാനാണ്‌ ശ്രമം - കാസിം ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ജയിലില്‍ കഴിയുന്ന ഇമ്രാന്‍ഖാന്റെ അവസ്ഥയെക്കുറിച്ച്‌ ലോക ക്രിക്കറ്റിലെ മുന്‍ ക്യാപ്‌റ്റന്‍മാര്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക്‌ രണ്ട്‌ കത്തുകള്‍ അയച്ചിരുന്നു. ആദ്യത്തേത്‌ ഫെബ്രുവരിയിലാണ്‌ അയച്ചത്‌. അതില്‍ നടപടികളൊന്നും ഉണ്ടാകാതെ വന്നതോടെ, രണ്ടാമത്തെ കത്ത്‌ ഈ ആഴ്‌ചയില്‍ അയച്ചു. അത്‌ ഇമ്രാന്‍ഖാനെ വൈദ്യപരിശോധനക്ക്‌ ശേഷം വീണ്ടും അഡിയാല ജയിലിലേക്ക്‌ കൊണ്ടുപോയതിനെ തുടര്‍ന്നായിരുന്നു അയച്ചത്‌.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്രിക്കറ്റ്‌ ഇതിഹാസവുമായ ഇമ്രാന്‍ഖാന്‍ 2022 ഏപ്രിലിലെ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കപ്പെടുകയായിരുന്നു. അഴിമതി, ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തല്‍ തുടങ്ങിയ വിവിധ കേസുകളില്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി 2023 ഓഗസ്‌റ്റ്‌ മുതല്‍ ഇമ്രാന്‍ ഖാനെ ജയിലിലടച്ചു. ജയിലിലെ കടുത്ത ഏകാന്ത തടവ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണ്‌. വലത്‌ കണ്ണിന്റെ കാഴ്‌ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.