ഏഷ്യന്‍ ഗെയിംസ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്‌ ബി സി സി ഐ (ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ) ബി ടീമിനെയാകും അയക്കുക എന്ന്‌ റിപ്പോര്‍ട്ട്‌. ജപ്പാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ ടീമിന്‌ ഏര്‍പ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങളില്‍ ബി സി സി ഐ കടുത്ത അതൃപ്‌തിയിലാണ്‌.

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്‌ ബി സി സി ഐ (ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ) ബി ടീമിനെയാകും അയക്കുക എന്ന്‌ റിപ്പോര്‍ട്ട്‌. ജപ്പാന്‍ ആതിഥേയത്വം വഹിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ്‌ ടീമിന്‌ ഏര്‍പ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങളില്‍ ബി സി സി ഐ കടുത്ത അതൃപ്‌തിയിലാണ്‌. മികച്ച സൗകര്യങ്ങളില്ലാത്ത സ്ഥലത്തേക്ക്‌ ഇന്ത്യയുടെ മുന്‍നിര ടീം പോകേണ്ടതില്ല എന്നാണ്‌ ബി സി സി ഐയുടെ നിലപാടെന്ന്‌ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. സെപ്‌തംബര്‍ 19ന്‌ ജപ്പാനിലെ ഐചി-നഗോയ നഗരത്തിലാണ്‌ ഏഷ്യന്‍ ഗെയിംസിന്‌ തുടക്കം കുറിക്കുന്നത്‌. ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ സെപ്‌തംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന്‌ വരെ. വനിതാ ക്രിക്കറ്റ്‌ സെപ്‌തംബര്‍ 17 മുതല്‍ 22 വരെയും നടക്കും.

ബി സി സി ഐയും എ സി സി (ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍)യും ജപ്പാനില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ പരിമിതമാണെന്ന്‌ വിലയിരുത്തുന്നു. ഇതിന്റെ ഭാഗമായി ഒരു നിരീക്ഷ സംഘത്തെ ജപ്പാനിലേക്ക്‌ അയക്കും, അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷമാകും ടീമിനെ അയക്കുന്നത്‌ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. ചിലപ്പോള്‍ ബി ടീമിനെയാകും അയക്കുക - ബി സി സി ഐയിലെ ഒരു സ്രോതസ്‌ പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഡ്രസിംഗ്‌ റൂമുകള്‍ ടെന്റുകളായാണ്‌ ഒരുക്കിയിട്ടുള്ളത്‌, അവിടെ നിന്ന്‌ 500 മീറ്റര്‍ അകലെയാണ്‌ വാഷ്‌റൂമുകള്‍ ഉള്ളത്‌. ഇത്‌ കളിക്കാര്‍ക്കിടയില്‍ അതൃപ്‌തിയുണ്ടാക്കുമെന്ന കാര്യം എ സി സി യോഗത്തിനിടെ ഞങ്ങള്‍ ജപ്പാന്‍ ഒളിമ്പിക്‌സ്‌ അധികൃതരെ അറിയിച്ചിരുന്നു. കൂടാതെ ഹോട്ടല്‍ മുറികള്‍ വരെ ചെറുതാണെന്നതും പോരായ്‌മയായി അനുഭവപ്പെട്ടു - ബി സി സി ഐ സ്രോതസ്‌ പറഞ്ഞു.

2023 ല്‍ ചൈനയിലെ ഹാങ്‌ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ അഫ്‌ഗാനിസ്ഥാനേക്കാള്‍ സീഡിംഗ്‌ ഉള്ള ടീം എന്ന നിലക്ക്‌ ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തവണ ശക്തമായ നിരയെയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്‌. ക്യാപ്‌റ്റന്‍ ശ്രേയസ്‌ അയ്യര്‍, അഭിഷേക്‌ ശര്‍മ, വൈഭവ്‌ സൂര്യവംശി,ഇഷാന്‍ കിഷന്‍, തിലക്‌ വര്‍മ എന്നിവരും പ്രധാന പേസര്‍മാരായ ജസ്‌പ്രീത്‌ ബുമ്‌റ, അര്‍ഷ്‌ദീപ്‌ സിംഗ്‌ എന്നിവരും ടീമിലുണ്ട്‌. വനിതാ ടീമിനെ ഹര്‍മന്‍പ്രീത്‌ കൗര്‍ നയിക്കും.

പുരുഷ ടീം : ശ്രേയസ്‌ അയ്യര്‍ (ക്യാപ്‌റ്റന്‍), സഞ്‌ജു സാംസണ്‍ (വിക്കറ്റ്‌ കീപ്പര്‍), അഭിഷേക്‌ ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ്‌ കീപ്പര്‍), ശിവം ദുബെ, തിലക്‌ വര്‍മ (വൈസ്‌ ക്യാപ്‌റ്റന്‍), അക്‌സര്‍ പട്ടേല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, നിതീഷ്‌ കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്‌, ഹര്‍ഷിത്‌ റാണ, അര്‍ഷദീപ്‌ സിംഗ്‌, വൈഭവ്‌ സൂര്യവംശി, ജസ്‌പ്രീത്‌ ബുമ്‌റ.

വനിതാ ടീം: ഹര്‍മന്‍ പ്രീത്‌ കൗര്‍ (ക്യാപ്‌റ്റ്‌ന്‍), സ്‌മൃതി മന്ഥാന (വൈസ്‌ ക്യാപ്‌റ്റന്‍), ഷഫാലി വര്‍മ, ജെമിയ റോഡ്രിഗസ്‌, ദീപ്‌തി ശര്‍മ, റിച ഘോഷ്‌ (വിക്കറ്റ്‌കീപ്പര്‍), ജി.കമാലിനി (വിക്കറ്റ്‌ കീപ്പര്‍), ഭാര്‍തി ഫുല്‍മാലി, ശ്രീ ചരണി, രേണുക താക്കൂര്‍, ക്രാന്തി ഗൗഡ്‌, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, രാധയാദവ്‌, നന്ദി ശര്‍മ.