അവന്‍ അടുത്ത ദശാബ്ദത്തിന്റെ താരം, ഇന്ത്യക്കെതിരെ കളിപ്പിക്കണം; മാര്‍ക് ടെയ്‌ലറുടെ ഓസീസ് ടീം ഇങ്ങനെ

By Web TeamFirst Published Nov 16, 2020, 7:17 PM IST
Highlights

യുവ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കി ആദ്യ ടെസ്റ്റ് മുതല്‍ കളിക്കണമെന്നാണ് ടെയ്‌ലര്‍ പറയുന്നത്. ജോ ബേണ്‍സിന് പകരമാണ് ടെയ്‌ലര്‍ അരങ്ങേറ്റക്കാരനായ പുകോവ്‌സിയെ നിര്‍ദേശിച്ചത്. 

സിഡ്‌നി: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍താരം മാര്‍ക്ക് ടെയ്‌ലര്‍. ചാനല്‍ നയന്റെ സ്‌പോര്‍ട് സണ്‍ ഡേ ഷോയില്‍ സംസാരിക്കുകയായിരുന്നു ടെയ്‌ലര്‍. യുവ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കി ആദ്യ ടെസ്റ്റ് മുതല്‍ കളിക്കണമെന്നാണ് ടെയ്‌ലര്‍ പറയുന്നത്. ജോ ബേണ്‍സിന് പകരമാണ് ടെയ്‌ലര്‍ അരങ്ങേറ്റക്കാരനായ പുകോവ്‌സിയെ നിര്‍ദേശിച്ചത്. 

ബേണ്‍സ് ഒട്ടും ഫോമിലല്ലെന്നാണ് ടെയ്‌ലര്‍ പറയുന്നത്.  അദ്ദേഹത്തിന്റെ വാക്കുകള്‍... ''രാജ്യന്തര മത്സരങ്ങളില്‍ ബേണ്‍സിന് ഓസ്‌ട്രേലിയയുടെ ഓപ്പണറാവാനുള്ള യോഗ്യതയില്ല. 32 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ഷെഫീല്‍ഡ് ഷീല്‍ഡ് സീസണിലും ബേണ്‍സ് മികച്ച ഫോമിലായിരുന്നില്ല. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ബേണ്‍സ് നേടിയത്. എന്നാല്‍ പുകോവ്‌സ്‌കിയെ നോക്കും. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഇ്‌പ്പോള്‍ അദ്ദേഹം രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടി. തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന അവനെ കളിപ്പിക്കൂ. അടുത്ത ദശാബ്ദത്തിലെ താരമാവാനുള്ള കരുത്ത് 22 കാരനിലുണ്ട്. മൂന്ന് ഇന്നിങ്‌സില്‍ നിന്ന് മാത്രമായി 495 റണ്‍സ് അവന്‍ നേടി ഇതുവരെ.'' ടെയ്‌ലര്‍ പറഞ്ഞു. 

ഡേവിഡ് വാര്‍ണറാണ് പുകോവ്‌സ്‌കിയുടെ സഹ ഓപ്പണറായി ടെയ്‌ലര്‍ നിര്‍ദേശിച്ചത്. മര്‍നസ് ലബുഷാനെയെ മൂന്നാം സ്ഥാനത്ത് ചൂണ്ടിക്കാട്ടുന്ന ടെയ്‌ലര്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍ എന്നിവരെയാണ് യഥാക്രമം 4 മുതല്‍ 7 വരെ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തത്. പേസര്‍മാരായി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ ടീമിലെത്തും. ടീമിലെ ഏക സ്പിന്നര്‍ നതാന്‍ ലിയോണാണ്. 

ടെയ്‌ലറുടെ ടീം: ഡേവിഡ് വാര്‍ണര്‍, വില്‍ പുകോവ്‌സ്‌കി, മര്‍നസ് ലബുഷാനെ, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, നതാന്‍ ലിയോണ്‍.

click me!