പാക് ക്രിക്കറ്റിന് വന്‍ നാണക്കേട്; പിഎസ്‌എല്ലില്‍ കോടികളുടെ അഴിമതിയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Sep 18, 2019, 4:46 PM IST
Highlights

പാക്കിസ്ഥാന്‍ ഓഡിറ്റര്‍ ജനറലിന്‍റെ പ്രത്യേക റിപ്പോര്‍ട്ടാണ് പാക് ക്രിക്കറ്റിലെ വമ്പന്‍ അഴിമതി പുറത്തുകൊണ്ടുവന്നിരിക്കുന്നത്

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ ആദ്യ രണ്ട് എഡിഷനുകളില്‍ വന്‍ അഴിമതിയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ഓഡിറ്റര്‍ ജനറലിന്‍റെ പ്രത്യേക റിപ്പോര്‍ട്ടാണ് പാക് ക്രിക്കറ്റിലെ ഞെട്ടിക്കുന്ന അഴിമതി പുറത്തുകൊണ്ടുവന്നിരിക്കുന്നത്. യുവ താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ലക്ഷ്യമിട്ട് 2016ല്‍ ആരംഭിച്ച സൂപ്പര്‍ ലീഗില്‍ നിന്ന് ബോര്‍ഡിന് 248.615 മില്യണ്‍ പാക് രൂപയുടെ നഷ്ടമുണ്ടായി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 

പിഎസ്‌എല്‍ 2017-18 സീസണില്‍ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയ പണത്തിലും കരാറുകാര്‍ക്കുള്ള മുന്‍കൂര്‍ പണത്തിലും ക്രമവിരുദ്ധമായ ഇടപാടുകള്‍ നടന്നു എന്നാണ് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസികളുടെ കടമാണ് മറ്റൊരു ചീത്തപ്പേര്. മാധ്യമപ്രവര്‍ത്തകര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കുള്ള അലവന്‍സിലും അഴിമതി നടന്നു എന്ന് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

കൃത്യമായ കണക്കെടുപ്പില്ലാതെ രണ്ടാം സീസണ്‍ ഫൈനലിന്‍റെ നടത്തിപ്പില്‍ അനാവശ്യചില്ലവുണ്ടായി. 18.88 മില്യണ്‍ പാക് രൂപയാണ് ഇതിലൂടെയുണ്ടായ നഷ്ടം. ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കേണ്ട 32.050 മില്യണ്‍ രൂപ ബോര്‍ഡിന് തിരിച്ചുപിടിക്കാനായില്ല. 145.148 മില്യണ്‍ പാക് രൂപയുടെ പിഎസ്‌എല്‍ ഫണ്ടുകള്‍ പാക്കിസ്ഥാന് പുറത്തുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചു. ഫ്രാഞ്ചൈസികളുടെ ലേലത്തില്‍ 11 മില്യണ്‍ യുഎസ് ഡോളറിന്‍റെ നഷ്ടമുണ്ടായി തുടങ്ങിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. 

click me!