ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കാനായില്ല, കമിന്‍സിന്‍റെ തന്ത്രങ്ങളെ പഴിച്ച് മുന്‍ താരങ്ങള്‍

Published : Jun 14, 2025, 03:01 PM IST
Pat Cummins

Synopsis

തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ദക്ഷിണാഫ്രിക്കയെ ആക്രമിക്കാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ കമിന്‍സിന്‍റെ തന്ത്രപരമായ പിഴവാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിന് കാരണമായതെന്ന് ഹെയ്ഡന്‍.

ലോര്‍ഡ്സ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിന്‍റെ തന്ത്രങ്ങളെ പഴിച്ച് മുന്‍ താരങ്ങളായ മാത്യു ഹെയ്ഡനും ഡെയ്ൽ സ്റ്റെയ്നും. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ ദക്ഷിണാഫ്രിക്കയെ ആക്രമിക്കാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ കമിന്‍സിന്‍റെ തന്ത്രപരമായ പിഴവാണ് ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവിന് കാരണമായതെന്ന് ഹെയ്ഡന്‍ പറഞ്ഞു.

282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്ക് വിയാന്‍ മുള്‍ഡറെയും റിയാന്‍ റിക്കിള്‍ടണെയും 70 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായെങ്കിലും പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 143 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റൻ ടെംബാ ബാവുമയും ഏയ്ഡന്‍ മാര്‍ക്രവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കക്ക് വിജയപ്രതീക്ഷ നല്‍കിയത്. മൂന്നാം ദിനം 213-2 എന്ന സ്കോറിലാണ് ദക്ഷിണാഫ്രിക്ക ക്രീസ് വിട്ടത്.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ആക്രമണ ഫീല്‍ഡൊരുക്കാതെ പ്രതിരോധത്തിലൂന്നിയുള്ള സമീപനമാണ് കമിന്‍സ് കൈക്കൊണ്ടതെന്ന് ഹെയ്ഡന്‍ പറഞ്ഞു. മുള്‍ഡറുടെയും റിക്കിള്‍ടന്‍റെയും വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ ബാവുമയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ഓസീസ് ശ്രമിക്കേണ്ടിയിരുന്നത്. അതിനായി കവറില്‍ ക്യാച്ചിംഗ് ഫീല്‍ഡറെ നിയോഗിക്കണമായിരുന്നു. ബാവുമ നേരിട്ട ആദ്യ രണ്ടോ മൂന്നോ പന്തുകളില്‍ വിക്കറ്റ് വീണിരുന്നെങ്കില്‍ ദക്ഷണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടമായി പതറുകയും ഓസ്ട്രേലിയക്ക് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുമായിരുന്നു. പിച്ച് ഫ്ലാറ്റായിരുന്നുവെന്നത് ശരിയാണ്. പക്ഷെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നിലനിര്‍ത്താന്‍ നിങ്ങള്‍ എങ്ങനെയും 10 വിക്കറ്റ് എടുത്തെ മതിയാവു. അതിനായി ടോപ് ത്രി ബാറ്റേഴ്സിനെ എത്രയും വേഗം പുറത്താക്കണമായിരുന്നുവെന്നും ഹെയ്ഡന്‍ പറഞ്ഞു.

ഹെയ്ഡന്‍റെ അഭിപ്രായത്തോട് ഡെയ്ല്‍ സ്റ്റെയ്നും യോജിച്ചു. ഓസ്ട്രേലിയയുടെ പ്രതിരോധത്തിലൂന്നിയുള്ള സമീപനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്റ്റെയ്ന്‍ പറഞ്ഞു. ചില പന്തുകള്‍ വളരെ താണാണ് വന്നിരുന്നത്. പല എഡ്ജുകളും സ്ലിപ്പിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഷോര്‍ട്ട് കവറും ഷോര്‍ട് മിഡ്‌വിക്കറ്റും നിര്‍ണായകമാണ്. ദക്ഷിണാഫ്രിക്കയിലും ഓസ്ട്രേലിയയും സ്ലിപ്പില്‍ ആണ് കൂടുതലും ക്യാച്ചുകള്‍ വരികയ എന്നാല്‍ ഇതുപോലെ ലോ ബൗണ്‍സുള്ള ഇന്ത്യയിലേതുപോലുള്ള പിച്ചുകളില്‍ സ്ലിപ്പിനെക്കാളുപരി ഷോര്‍ട്ട് കവര്‍, മിഡ്‌വിക്കറ്റ് പൊസിഷനുകളിലായിരുന്നു ഫീല്‍ഡര്‍മാരെ നിയോഗിക്കേണ്ടിയിരുന്നതെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല