
ചെന്നൈ: ചാമ്പ്യന്മാരായ ഇഗ്ലണ്ടിനെ ഞെട്ടിച്ച രചിൻ രവീന്ദ്രയുടെ പേര് വന്ന വഴി ഇപ്പോൾ എല്ലാവർക്കും അറിയാം. എന്നാൽ രചിന്‍റെ ബാറ്റിംഗിന് തന്നെക്കാള്‍ കൂടുതല്‍ ബന്ധം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗിനോടാണെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ലോകകപ്പ് അരങ്ങേറ്റത്തിൽ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ മൂന്നാമനായി ഇറങ്ങി 96 പന്തിൽ 123 റണ്‍സുമായി പുറത്താകാതെ നിന്ന രചിന്‍ രവീന്ദ്രയുടെ വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ചായിരുന്നു ദ്രാവിഡിന്‍റെ കമന്‍റ്. രാഹുലിന്‍റെ പേരിലെ രായും സച്ചിന്‍റെ ചിന്നും ചേര്‍ത്താണ് ബാംഗ്ലൂര്‍ സ്വദേശികളായ രചിന്‍റെ മാതാപിതാക്കള്‍ മകന് രചിന്‍ രവീന്ദ്രയെന്ന പേരിട്ടത്.
രചിന്‍റെ പേരിനെക്കുറിച്ച് അറിയാമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു ദ്രാവിഡിന്‍റെ പ്രതികരണം. ഇംഗ്ലണ്ടിനെതിരെ അവന്‍റെ ബാറ്റിംഗ് കണ്ടിരുന്നു. അഞ്ച് സിക്സുകളാണ് ആ കളിയില്‍ അവന്‍ പറത്തിയത്. പേരില്‍ മാത്രമെ ഞാനുള്ളു. ബാറ്റിംഗില്‍ കൂടുതലും സച്ചിനാണെന്ന് ദ്രാവിഡ് പറഞ്ഞു. അവനടിക്കുന്നതുപോലെ ഞാനടിച്ചിട്ടുണ്ടോ എന്ന് എനിക്കുറപ്പില്ല. അതുപോലെ എനിക്കടിക്കാനാവില്ല. തീര്‍ച്ചയായും അവന്‍റെ പേരിലെ സച്ചിനായിരിക്കും അവനെ അങ്ങനെ അടിക്കാന്‍ സഹായിക്കുന്നത് എന്നായിരുന്നു തമാശയോടെ ദ്രാവിഡിന്‍റെ മറുപടി. ഇംഗ്ലണ്ടിനെതിരെ രചിന്‍റെ ബാറ്റിംഗ് മുഴുവനായി കണ്ടില്ലെങ്കിലും കുറച്ചു ഭാഗങ്ങള്‍ കണ്ടിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ രചിനും ഡെവോണ്‍ കോണ്‍വെയും മനോഹരമായണ് ബാറ്റ് ചെയ്തത്.
ഇന്ത്യക്കെതിരെ 2021ലെ കാൺപൂർ ടെസ്റ്റിൽ വാലറ്റക്കാരനായി ആണ് രചിന്‍ ബാറ്റിംഗിനിറങ്ങിയത്. സ്പിന്‍ പിച്ചില്‍ ഒന്നര ണിക്കൂറിലധികം ക്രീസില്‍ നിന്ന രചിന്‍ ന്യൂസിലൻഡിന് പൊരുതി സമനില നേടിക്കൊടുത്തിരുന്നു. ആ മത്സരത്തിലെ രചിന്‍റെ ബാറ്റിംഗ് താന്‍ മറന്നിട്ടില്ലെന്നും ദ്രാവിഡ് തമാശയായി പറഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാളെ ഓസ്ട്രേലിയയെ നേരിടാനിറങ്ങുകയാണ്. ചെന്നൈയിലാണ് മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക