
ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യൻ പേസര്‍ ആകാശ് ദീപ് ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ ബൗള്‍ഡാക്കിയ പന്ത് നോബോളല്ലെന്ന് വിധിച്ച് ക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം അവസാന സെഷനിലാണ് ജോ റൂട്ടിനെ ആകാശ് ദീപ് ക്ലീന്‍ ബൗള്‍ഡാക്കിയത്. വൈഡ് ഓഫ് ദ് ക്രീസില്‍ നിന്ന് ആകാശ് ദീപ് എറിഞ്ഞ പന്ത് റൂട്ട് സ്ക്വയര്‍ ലെഗ്ഗിലേക്ക് കളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിരോധം തകര്‍ത്ത് ബൗള്‍ഡാവുകയായിരുന്നു.
എന്നാല്‍ ആ പന്ത് റിലീസ് ചെയ്യുമ്പോള്‍ ആകാശ് ദീപിന്‍റെ പിൻകാൽ റിട്ടേൺ ക്രീസിൽ ടച്ച് ചെയ്തിരുന്നവെന്നും അത് നോ ബോളായിരുന്നുവെന്നും അമ്പയര്‍മാര്‍ അത് കാണാതിരുന്നതുകൊണ്ടാണ് വിക്കറ്റ് ലഭിച്ചതെന്നും ബിബിസി ടിഎംഎസി കമന്‍റേറ്ററായിരുന്ന ഇംഗ്ലണ്ട് മുൻ താരം അലിസൺ മിച്ചൽ വിമര്‍ശിച്ചിരുന്നു. എന്നാല്‍ 'ആകാശ് ദീപിന്‍റെ പിൻകാൽ റിട്ടേൺ ക്രീസിൽ ടച്ച് ചെയ്തിരുന്നെങ്കിലും തേർഡ് അംപയർ നോബോൾ വിളിക്കാതിരുന്നത് ശരിയായ തീരുമാനമാണെന്ന് എംസിസി വ്യക്തമാക്കി.
ബൗൾ ചെയ്യുമ്പോൾ, ബൗളറുടെ പിൻകാൽ റിട്ടേൺ ക്രീസിനുള്ളിലായിരിക്കണം ലാൻഡ് ചെയ്യേണ്ടത്, റിട്ടേൺ ക്രീസിൽ സ്പർശിക്കാനോ അതിനപ്പുറം പോകാനോ പാടില്ല. അതുപോലെ, മുൻകാൽ പോപ്പിങ് ക്രീസിനുള്ളിലായിരിക്കണം, ക്രീസിന് പുറത്തായിരിക്കരുത്. ഈ രണ്ട് നിബന്ധനകളും പാലിച്ചാൽ മാത്രമേ ഒരു ഡെലിവറി നിയമപരമാകു. ഈ നിബന്ധനകളെല്ലാം ആകാശ് ദീപ് പാലിച്ചിരുന്നുവെന്ന് എംസിസി വ്യക്തമാക്കി. ആകാശ് ദീപിന്‍റെ കാല്‍ റിട്ടേൺ ക്രീസില്‍ സ്പര്‍ശിച്ചിരുന്നെങ്കിലും പന്ത് കൈയില്‍ നിന്ന് റിലീസ് ചെയ്യുന്ന സമയത്ത് കാല്‍ ക്രീസിനുള്ളിലായിരുന്നുവെന്ന് മുന്‍ ഇന്ത്യൻ താരം രവി ശാസ്ത്രിയും പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് എംസിസിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക