
മുംബൈ: ഐപിഎല്ലിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ടീമില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി മുംബൈ ഇന്ത്യൻസ്. നിലവിലെ നായകൻ ഹാർദിക് പാണ്ഡ്യ ടീം വിടുമെന്ന വാർത്തകൾക്ക് പിന്നാലെ, ടീമിലെ ഒരു മുതിർന്ന താരത്തെ കൂടി' ടീമിൽ നിന്ന് ഒഴിവാക്കാൻ ടീം മാനേജ്‌മെന്‍റ് ഒരുങ്ങുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സീസൺ മുതൽ ഈ മുതിർന്ന താരത്തിന് ടീമിൽ മറ്റൊരു റോൾ നൽകാനാണ് ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം. എന്നാല്‍ ആരാണ് ഈ തീരമെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നില്ല.
2024-ൽ പത്താം സ്ഥാനത്തും ഈ സീസണിൽ (2026) ഒൻപതാം സ്ഥാനത്തുമാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് ടീമിനെ പൂർണ്ണമായി ഉടച്ചുവാർക്കാൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചത്. വരും സീസണുകളിൽ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മൂന്ന് താരങ്ങളുടെ പേരുകളാണ് മാനേജ്‌മെന്‍റ് പരിഗണിക്കുന്നത്. ഇതിൽ മുന്‍തൂക്കം യുവതാരം തിലക് വർമ്മയാണ്. സീസണിന്‍റെ പകുതിയിൽ വെച്ച് നടന്ന ടീമിന്‍റെ വിലയിരുത്തൽ യോഗത്തിൽ ഒരു മുതിർന്ന താരം തന്നെയാണ് തിലക് വർമ്മയുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുംബൈ ടീമിന്‍റെ വിശ്വസ്തനായ തിലക് വർമ്മയ്ക്ക് ടീമിനെ മികച്ച രീതിയിൽ നയിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ മുംബൈയെ നയിച്ചത് ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരുന്നു. ഒരു മത്സരത്തിൽ ജസ്പ്രീത് ബുമ്രയും ടീമിന്‍റെ നായകനായി.തിലകിനൊപ്പം തന്നെ സൂര്യയെയും ബുംറയെയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ടെങ്കിലും ഭാവി കൂടി കണക്കിലെടുത്ത് തിലകിന് മുന്‍തൂക്കമുണ്ടെന്നാണ് സൂചന.
ടീമിൽ നിന്ന് ഒഴിവാക്കാൻ പോകുന്ന ആ മുതിർന്ന ബാറ്റർ ആരാണെന്ന് മാനേജ്‌മെന്‍റ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ അടുത്ത സീസണോടെ ഈ താരത്തിന് മെന്‍റർ പദവിയോ അല്ലെങ്കിൽ കോച്ചിങ് സ്റ്റാഫിലെ മറ്റൊരു ചുമതലയോ നൽകാനാണ് സാധ്യത. രോഹിത് ശര്‍മയാകും ആ താരമെന്ന് ആരാധകര്‍ കരുതുന്നു. അഞ്ച് തവണ മുംബൈയ്ക്ക് കിരീടം നേടിക്കൊടുത്ത രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ മുംബൈയുടെ മുൻ തീരുമാനം പാടെ പാളിപ്പോയിരുന്നു. ഹാർദിക്കിന്‍റെ നേതൃത്വത്തിൽ ടീം തുടർച്ചയായി പരാജയപ്പെട്ടതോടെ ആരാധകരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ടീമിനെ അടിമുടി മാറ്റാന്‍ മുംബൈ തയാറെടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!