നെഞ്ച് വിരിച്ച് പാണ്ഡ്യ സഹോദരന്മാര്‍; മുംബെെയ്ക്ക് ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Apr 18, 2019, 9:47 PM IST
Highlights

ആദ്യം ലഭിച്ച തുടക്കം മുതലാക്കാനാകാതെ പോയ മുംബെെ ഇന്ത്യന്‍സ് മധ്യ ഓവറുകളില്‍ തകര്‍ന്നെങ്കിലും അവസാന ഓവറുകളില്‍ കണ്ടെത്തിയ ബൗണ്ടറികളിലൂടെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു

ദില്ലി:  പിടിച്ച് കെട്ടിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മുന്നില്‍ പാണ്ഡ്യ സഹോദരന്മാര്‍ നെഞ്ച് വിരിച്ച് നിന്നപ്പോള്‍ മുംബെെ ഇന്ത്യന്‍സിന് ഭേദപ്പെട്ട സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത മുംബെെ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. ആദ്യം ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെ പോയ മുംബെെ ഇന്ത്യന്‍സ് മധ്യ ഓവറുകളില്‍ തകര്‍ന്നെങ്കിലും അവസാന ഓവറുകളില്‍ കണ്ടെത്തിയ ബൗണ്ടറികളിലൂടെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു. 

15 പന്തില്‍ 32 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും 25 പന്തില്‍ 37 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയുമാണ് മുന്‍ ചാമ്പ്യന്മാരെ രക്ഷിച്ചെടുത്തത്. ഓപ്പണര്‍മാരായി കളത്തിലെത്തിയ നായകന്‍ രോഹിത് ശര്‍മയും ക്വന്‍റണ്‍ ഡി കോക്കും ഡല്‍ഹി ബൗളര്‍മാരെ ശൗര്യത്തോടെ നേരിട്ടപ്പോള്‍ ടീം സ്കോര്‍ ആദ്യ ഓവറുകളില്‍ കുതിച്ചു.

എന്നാല്‍, മികച്ച തുടക്കം മുതലാക്കാതെ രോഹിത് ശര്‍മ ഇത്തവണയും വിക്കറ്റ് തുലച്ചതാണ് കളിയിലെ വഴിത്തിരിവായത്. രോഹിത് ശര്‍മ 22 പന്തില്‍ 30  റണ്‍സെടുത്ത് പുറത്തായി.  കളിയുടെ തുടക്കത്തില്‍ രോഹിത്തും ഡി കോക്കും ക്യാപ്പിറ്റല്‍സ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ ക്രിസ് മോറിസിനാണ് കൂടുതല്‍ പ്രഹരമേറ്റത്.

കീമോ പോള്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തി ഇരു ഓപ്പണര്‍മാരും ചേര്‍ന്ന് ടീം സ്കോര്‍ 50 കടത്തി. എന്നാല്‍, തന്‍റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മയെ ബൗള്‍ഡ് ചെയ്ത് അമിത് ശര്‍മ ഡല്‍ഹിയെ കളയിലേക്ക് തിരിച്ച് കൊണ്ട് വന്നു.

മൂന്നാമനായെത്തിയ ബെന്‍ കട്ടിംഗ് അധികം വെെകാതെ തന്നെ അക്ഷര്‍ പട്ടേലിന് മുന്നില്‍ കീഴടങ്ങി. എന്നാല്‍, മികച്ച ഫോമിലുള്ള ഡി കോക്ക് അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് നഷ്ടമാക്കിയതോടെ മുംബെെയുടെ റണ്‍നിരക്കിന്‍റെ ഗിയര്‍ താഴേക്ക് പതിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തി സൂര്യകുമാര്‍ യാദവ് മുന്നോട്ട് കൊണ്ട് പോയെങ്കിലും കഗിസോ റബാദ പന്തെറിയാന്‍ എത്തുന്നത് വരെ മാത്രമേ അതിനും ആയുസുണ്ടായുള്ളൂ. ഇതോടെ മെല്ലെപോക്കിലായ മുംബെെ ഇന്നിംഗ്സിന് അല്‍പം വേഗം നല്‍കിയത് ക്രുനാല്‍ പാണ്ഡ്യയുടെ ബൗണ്ടറികളാണ്. സൂര്യകുമാറിന് പകരം ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടെ കളി ഉഷാറായി. കീമോ പോള്‍ എറിഞ്ഞ 17-ാം ഓവറില്‍ പാണ്ഡ്യ സഹോദരന്മാര്‍ ബൗണ്ടറികള്‍ കണ്ടെത്തിയോടെ സ്കോര്‍ ബോര്‍ഡ് മുന്നോട്ട് നീങ്ങി.

തൊട്ടടുത്ത ഓവറില്‍ ക്രിസ് മോറിസിനെ ശിക്ഷിച്ച ഹാര്‍ദിക് പാണ്ഡ്യ വീണ്ടും മുംബെെയുടെ ഹീറോയായി. അവസാന ഓവറില്‍ റബാദയ്ക്ക് മുന്നില്‍ ഹാര്‍ദിക് വീണെങ്കിലും 168 റണ്‍സെന്ന മാന്യമായ സ്കോറിലേക്ക് ക്രുനാല്‍ ടീമിനെ എത്തിച്ചു. ഡല്‍ഹിക്കായി കഗിസോ റബാദ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

ഡല്‍ഹിയുടെ തട്ടകത്തില്‍ പോരനിറങ്ങിയ മുംബെെയ്ക്ക് ടോസ് ലഭിച്ചതോടെ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്സിനെതിരെ വിജയം നേടിയ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് മുംബെെ ഇന്ന് കളിക്കിറങ്ങിയത്.  വിജയങ്ങള്‍ നേടിയ ടീമിനെ ഡല്‍ഹി അതേപോലെ നിലനിര്‍ത്തി.

click me!