
ലണ്ടന്‍: ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥന്റെ ദയനീയ ബാറ്റിംഗ് പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ലോര്‍ഡ്‌സ് ടെസ്റ്റിലെ തകര്‍ച്ചയ്ക്ക് പിന്നാലെ, പാകിസ്ഥാന്‍ ബാറ്റിംഗ് നിരയെ ഒരു രണ്ടാം ഡിവിഷന്‍ കൗണ്ടി ടീമിനോടാണ് വോണ്‍ ഉപമിച്ചത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും 110 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 53 റണ്‍സിനും തോറ്റതിന് പിന്നാലെയാണിത്.
ബിബിസിയുടെ 'ടെസ്റ്റ് മാച്ച് സ്‌പെഷ്യല്‍' പരിപാടിയില്‍ സംസാരിക്കവെയാണ് വോണ്‍ പാകിസ്ഥാന്റെ ബാറ്റിംഗ് നിലവാരത്തെ ചോദ്യം ചെയ്തത്. ''ഇതാണോ പാകിസ്ഥാന്റെ ബാറ്റിംഗ്? ഇതൊരു രണ്ടാം ഡിവിഷന്‍ കൗണ്ടി ക്രിക്കറ്റ് ആണോ? ഇതൊരു ടെസ്റ്റ് മാച്ച് ബാറ്റിംഗ് നിരയാണെന്ന് യാതൊരു വിധത്തിലും പറയാനാകില്ല.'' വോണ്‍ പറഞ്ഞു.
ഇംഗ്ലണ്ട് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പാകിസ്ഥാന്‍ ബാറ്റര്‍മാര്‍ക്ക് കഴിയുന്നില്ലെന്ന് വോണ്‍ കുറ്റപ്പെടുത്തി. പരിക്കിന് ശേഷം തിരിച്ചെത്തിയ ബാബര്‍ അസം 8 റണ്‍സിന് പുറത്തായപ്പോള്‍, അബ്ദുല്ല ഷഫീഖ്, ഷാന്‍ മസൂദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരും രണ്ടക്കം കാണാതെ പുറത്തായി. 46 റണ്‍സ് എടുത്ത അസാന്‍ അവൈസ് മാത്രമാണ് അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ് നടത്തിയത്. പാകിസ്ഥാന്റെ ഈ മോശം പ്രകടനം ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും വോണ്‍ ചൂണ്ടിക്കാട്ടി. വലിയ സ്‌കോര്‍ നേടാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് അറിയാമെന്നും, അതിനാല്‍ അവര്‍ക്ക് യാതൊരു ഭയവുമില്ലാതെ ആക്രമിച്ചു പന്തെറിയാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കളിക്കളത്തിലെ മോശം പ്രകടനത്തിന് പുറമെ മറ്റ് വിവാദങ്ങളും പാക് പര്യടനത്തിന് നിഴലായിട്ടുണ്ട്. പാകിസ്ഥാന്‍ മുന്‍ നായകനും പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ മക്കളായ കാസിം, സുലൈമാന്‍ ഖാന്‍ എന്നിവരുമായി 'സ്‌കൈ സ്‌പോര്‍ട്‌സ്' നടത്തിയ അഭിമുഖത്തെത്തുടര്‍ന്നുള്ള തര്‍ക്കങ്ങളും ലോര്‍ഡ്‌സ് ടെസ്റ്റിനിടയില്‍ തലപൊക്കിയിരുന്നു. ഇമ്രാന്‍ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഈ അഭിമുഖം സംപ്രേഷണം ചെയ്താല്‍ പരമ്പരയില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, ചാനല്‍ അഭിമുഖം സംപ്രേഷണം ചെയ്യുകയും പാകിസ്ഥാന്‍ ടീം മത്സരവുമായി മുന്നോട്ട് പോവുകയും ചെയ്തു. തങ്ങള്‍ ഈ ഭീഷണികളെക്കുറിച്ചൊന്നും അറിഞ്ഞിരുന്നില്ലെന്നും മത്സരത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും പാക് ഹെഡ് കോച്ച് സര്‍ഫറാസ് അഹമ്മദ് പിന്നീട് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!