ദുലീപ് ട്രോഫി സെമി ഫൈനലിനുള്ള നോര്‍ത്ത് സോണ്‍ ടീമില്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാറിനെ ഉള്‍പ്പെടുത്തി. അതേസമയം, ജമ്മു കശ്മീര്‍ പേസര്‍ ആഖ്വിബ് നബി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനൊരുങ്ങുകയാണ്. ഇരു താരങ്ങള്‍ക്കും ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് സെലക്ടര്‍മാര്‍ ഈ നീക്കങ്ങളെ കാണുന്നത്.

ദില്ലി: ദുലീപ് ട്രോഫി സെമി ഫൈനലില്‍ സൗത്ത് സോണിനെതിരായ മത്സരത്തിനുള്ള നോര്‍ത്ത് സോണ്‍ ടീമില്‍ പേസ് ബൗളര്‍ ഗുര്‍നൂര്‍ ബ്രാറിനെ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്‍ കളിക്കുന്നിന് മുമ്പ് മികച്ച പ്രകടനം നടത്താനുള്ള അവസരമാണ് ഇരുപത്തിമൂന്നുകാരന് ഒരുക്കികൊടുത്തിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ അംഗമായിരുന്ന താരം ഇതിനകം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. താരത്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

നവംബറില്‍ നടക്കാനിരിക്കുന്ന ന്യുസിലന്‍ഡ് പര്യടനത്തിന് മുന്നോടിയായി ഗുര്‍നൂറിന് കൂടുതല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ അവസരം നല്‍കാനാണ് സെലക്ടര്‍മാരുടെ തീരുമാനം. കഴിഞ്ഞ രണ്ട് ടെസ്റ്റ് സ്‌ക്വാഡുകളിലും ഇടംപിടിച്ചെങ്കിലും അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പിലാണ് താരം. കഴിഞ്ഞ ജൂലൈയില്‍ നടന്ന ഇന്ത്യ എയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ അനൗദ്യോഗിക രണ്ടാം ടെസ്റ്റില്‍ 145 റണ്‍സ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയത് ഗുര്‍നൂറിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 25.24 ശരാശരിയില്‍ 62 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഏകദിനത്തിലൂടെ താരം രാജ്യാന്തര ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു. ജൂണില്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ച ഗുര്‍നൂര്‍, തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും കളത്തിലിറങ്ങി. ആറ് ഏകദിനങ്ങളില്‍ നിന്ന് 32.81 ശരാശരിയില്‍ 11 വിക്കറ്റുകളാണ് താരം നേടിയത്.

അതേസമയം, ജമ്മു കശ്മീരിന്റെ പേസ് ബൗളര്‍ ആഖ്വിബ് നബി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുള്ള ഒരുക്കത്തിലാണെന്ന് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. വിസ അനുമതി ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഈ നീക്കം. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങളില്‍ കളിച്ച് പരിചയം നേടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുലീപ് ട്രോഫിയില്‍ കളിപ്പിക്കുന്നതിനേക്കാള്‍ കൗണ്ടി ക്രിക്കറ്റില്‍ പങ്കെടുക്കുന്നതാണ് നബി നല്ലതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്.

2025-26 രഞ്ജി ട്രോഫി സീസണില്‍ ജമ്മു കശ്മീരിനായി മികച്ച പ്രകടനം കാഴ്ചവെച്ച നബി, 12.56 ശരാശരിയില്‍ 60 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള പരിഗണനയില്‍ താരം മുന്നിലുണ്ട്. പുതിയ പന്തില്‍ സ്വിംഗ് കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ് പ്രധാന കരുത്ത്.

YouTube video player