
ലണ്ടന്‍: ശ്രീലങ്കക്ക് പിന്നാലെ ന്യൂസിലന്‍ഡിനെയും ഏകദിന പരമ്പരയില്‍ തൂത്തുവാരിയ ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനവും ഇന്നലെ സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി തകര്‍ത്തടിച്ച് മുന്നേറിയതോടെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടോട്ടല്‍ 350 കടന്നു.
ഇതോടെ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്‍റെ ട്വീറ്റ് എത്തി. ഏകദിന ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെ സമീപനത്തെ എക്കാലത്തും വിമര്‍ശിക്കാറുള്ള വോണ്‍ പക്ഷെ ഇന്നലെ ഇന്ത്യയുടെ ആക്രമണശൈലിയെ വാഴ്ത്തിക്കൊണ്ടാണ് രംഗത്തെത്തിയത്. ഒടുവില്‍ ഏകദിന ക്രിക്കറ്റില്‍ ആക്രമണോത്സുകതയോടെ കളിക്കാന്‍ ഇന്ത്യ തുടങ്ങിയിരിക്കുന്നു. ഈ പ്രകടനം അവരെ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഫേവറൈറ്റുകളാക്കുന്നുവെന്നും വോണ്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ വോണിന്‍റെ ട്വീറ്റിന് പിന്നാലെ രോഹിത്തും ഗില്ലും പുറത്താകുകയും പിന്നാലെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാകുകയും ചെയ്തതോടെ വോണിന്‍റെ പ്രവചനത്തെ ട്രോളി ബിക്രം പ്രതാപ് സിംഗ് എന്ന ആരാധകന്‍ രംഗത്തെത്തി. നാക്കെടുത്ത് വളച്ചില്ല, അതിന് മുമ്പെ ഇന്ത്യക്ക് നാലു വിക്കറ്റ് നഷ്ടമായെന്നായിരുന്നു ബിക്രമിന്‍റെ മറുപടി.
ന്യൂസിലന്‍ഡിനെതിരെ 85 പന്തില്‍ 101 റണ്‍സെടുത്ത രോഹിത് മൂന്ന് വര്‍ഷത്തിനിടയിലെ ആദ്യ ഏകദിന സെഞ്ചുറി നേടിയപ്പോള്‍ 78 പന്തില്‍ 112 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ കഴിഞ്ഞ നാലു മത്സരങ്ങളിലെ മൂന്നാം സെഞ്ചുറി നേടി. 26 ഓവറില്‍ഡ 212 റണ്‍സിലെത്തിയ ഇന്ത്യ 450ന് മുകളില്‍ സ്കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും ഇരുവരും പുറത്തായശേഷം മധ്യനിര തകര്‍ന്നടിഞ്ഞതോടെ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സടിച്ചു. മറുപടി ബാറ്റിംഗില്‍ കിവീസ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!