അവസാന ടി20യില്‍ ആരായിരിക്കണം ഇന്ത്യയുടെ ഓപ്പണര്‍മാര്‍? മൈക്കല്‍ വോണിന്‍റെ സെലക്ഷനിങ്ങനെ

By Web TeamFirst Published Mar 20, 2021, 1:39 PM IST
Highlights

അവസാന അഞ്ച് ടി20 ഇന്നിങ്‌സുകളില്‍ 15 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. അതില്‍ മൂന്ന് തവണയും പൂജ്യത്തിനാണ് താരം പുറത്തായത്. 1, 14 എന്നിങ്ങനെയാണ് രാഹുലിന്റെ മറ്റു സ്‌കോറുകള്‍.

അഹമ്മദാബാദ്: കരിയറിലെ മോശം സാഹചര്യത്തിലൂടെയാണ് കെ എല്‍ രാഹുല്‍ പോയിക്കൊണ്ടിരിക്കുന്നത്. അവസാന അഞ്ച് ടി20 ഇന്നിങ്‌സുകളില്‍ 15 റണ്‍സ് മാത്രമാണ് രാഹുല്‍ നേടിയത്. അതില്‍ മൂന്ന് തവണയും പൂജ്യത്തിനാണ് താരം പുറത്തായത്. 1, 14 എന്നിങ്ങനെയാണ് രാഹുലിന്റെ മറ്റു സ്‌കോറുകള്‍. ഐസിസി ടി20  റാങ്കിംഗില്‍ നാലാം സ്ഥാനത്തുള്ള രാഹുലിനെ ടീമില്‍ നിന്ന് മാറ്റണമെന്ന് പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ കോലിയുടെ പിന്തുണകൊണ്ട് മാത്രമാണ് രാഹുല്‍ പിടിച്ചുനില്‍ക്കുന്നത്.

മറ്റൊരു ഓപ്പണര്‍ ശിഖര്‍ ധവാന്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പുറത്ത് നില്‍ക്കുമ്പോഴാണ് രാഹുലിന് വീണ്ടും അവസരങ്ങള്‍ നല്‍കുന്നത്. ഇഷാന്‍ കിഷന്റെ ഫോമും രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതിനിടെ അവസാന ടി20ക്ക ഇറങ്ങേണ്ട ഇന്ത്യന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കല്‍ വോണ്‍. എനിക്കാണ് ഉത്തരവാദിത്തമെങ്കില്‍ ഞാനൊരിക്കലും രാഹുലിനെ കളിപ്പിക്കില്ലെന്നാണ് വോണ്‍ പറയുന്നത്. 

അതിനുള്ള കാരണവും വോണ്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെ... ''നിര്‍ണായക മത്സരത്തില്‍ രാഹുല്‍ കളിക്കില്ല. ആ നിമിഷത്തില്‍ ആരാണോ മികച്ച താരം അദ്ദേഹം കളിക്കും. രോഹിത് ശര്‍മയ്‌ക്കൊപ്പം കിഷണ്‍ ഓപ്പണ്‍ ചെയ്യും. രാഹുലിനെ സ്ഥിരമായി പുറത്തിരുത്തണം എന്നല്ല ഞാന്‍ പറയുന്നത്. നിര്‍ണായക മത്സരത്തില്‍ രാഹുലിനെ പുറത്തിരുത്തണം. അവനിപ്പോള്‍ ആത്മവിശ്വാസത്തോടെയല്ല കളിക്കുന്നത്. മികച്ച ഫോമിലുമില്ല. അപ്പോള്‍ പിന്നെ എങ്ങനെയാണ് രാഹുലിനെ കളിപ്പിക്കുക.'' വോണ്‍ ചോദിച്ചു. 

ഇന്നാണ് പരമ്പരയിലെ നിര്‍ണായക മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. രാഹുലിനെ പിന്തുണയ്ക്കുന്ന കോലി അവസാന മത്സരത്തിലും കളിപ്പിക്കുമെന്നാണ് അറിയുന്നത്.

click me!