നാലാം ടെസ്റ്റില്‍ പിച്ചിനെ പരിഹസിച്ച മൈക്കല്‍ വോണിനെ 'എയറില്‍ നിര്‍ത്തി' ഇന്ത്യക്കാര്‍.!

By Web TeamFirst Published Mar 2, 2021, 7:32 PM IST
Highlights

#CryBaby എന്ന ഹാഷ്ടാഗില്‍ കമന്‍റ് ഇടുന്നവരും ഏറെയാണ്. ഇംഗ്ലീഷുകാര്‍ക്ക് ബാറ്റ് ചെയ്യാന്‍ അറിയാത്തതില്‍ പിച്ചിനെ എന്തിന് കുറ്റം പറയുന്നു എന്നതാണ് ചിലരുടെ വിമര്‍ശനം.

ലണ്ടന്‍: ഇന്ത്യന്‍ പിച്ചുകളെ പരിഹസിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച മുന്‍ ഇംഗ്ലണ്ട് നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോണിന് ഇന്ത്യക്കാരുടെ മറുപടി. ഉഴുതു മറിച്ച പാടത്ത് ബാറ്റ് ചെയ്യുന്ന ചിത്രം പങ്കുവെച്ച മൈക്കല്‍ വോണ്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് നാലാം ടെസ്റ്റിനായുള്ള തയാറെടുപ്പ് എന്നാണ്.

വോണിന്‍റെ പരിഹാസ പോസ്റ്റിനെതിരെ നിരവധി ആരാധകരാണ് കമന്‍റുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് വമ്പരന്‍ തോല്‍വി വഴങ്ങിയിരുന്നു. ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിനും അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റിനും സ്പിന്നര്‍മാരെ അമിതമായി സഹായിക്കുന്ന പൊടിപാറുന്ന പിച്ചൊരുക്കി എന്ന ആക്ഷേപം നിലനില്‍ക്കെയാണ് വോണിന്‍റെ പരിഹാസം.

Preparations going well for the 4th Test !! #OnOn #INDvENG

Posted by Michael Vaughan on Tuesday, 2 March 2021

പോസ്റ്റ് ഇട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് കമന്‍റുകളാണ് ഫേസ്ബുക്കിലെ പോസ്റ്റില്‍ വന്നിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ തന്നെയാണ് ഇട്ടിരിക്കുന്നത്. മലയാളികളും ഇതിലുണ്ട്. #CryBaby എന്ന ഹാഷ്ടാഗില്‍ കമന്‍റ് ഇടുന്നവരും ഏറെയാണ്. ഇംഗ്ലീഷുകാര്‍ക്ക് ബാറ്റ് ചെയ്യാന്‍ അറിയാത്തതില്‍ പിച്ചിനെ എന്തിന് കുറ്റം പറയുന്നു എന്നതാണ് ചിലരുടെ വിമര്‍ശനം.

നേരത്തെ ഇന്ത്യന്‍ പിച്ചിനെക്കുറിച്ച് പറ‍ഞ്ഞ കെവിന്‍ പീറ്റേര്‍സന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് മൈക്കല്‍ വോണിന് മറുപടി നല്‍കുന്നവരും കുറവല്ല. നേരത്തെയും പിച്ചിനെതിരെ രംഗത്ത് വന്ന വ്യക്തിയാണ് വോണ്‍. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായാണ് വോണ്‍ പോസ്റ്റ് ഇട്ടത്. ഇന്‍സ്റ്റഗ്രാമിലും ഇന്ത്യക്കാര്‍ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന് നല്ല മറുപടി നല്‍കുന്നുണ്ട്. 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം മറ്റന്നാള്‍ അഹമ്മദാബാദില്‍ ആരംഭിക്കാനാരിക്കെ വോണ്‍ പങ്കുവെച്ച ചിത്രം ടീമുകളുടെ ആരാധകര്‍ക്കിടയിലെ വാക്പ്പോര് ഒന്ന് കടുപ്പിക്കും എന്ന് ഉറപ്പാണ്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടും മൂന്നും ടെസ്റ്റ് ജയിച്ച് ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന ടെസ്റ്റ് സമനിലായാക്കിയാലും ഇന്ത്യക്ക് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബര്‍ത്തും ഉറപ്പിക്കാനാവും.
 

click me!