'കോച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കലഹം, ഹെസ്സനെതിരെ നടപടിയെടുത്തേക്കും

Published : Mar 04, 2026, 08:09 PM IST
Pakistan Cricket

Synopsis

പരിശീലകന്‍ മൈക്ക് ഹെസ്സന്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും ടീം സെലക്ഷനിലെ ഇടപെടലുകളിലും താരങ്ങള്‍ അതൃപ്തരാണ്. 

ലാഹോര്‍: 2026 ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റ് പരിശീലകന്‍ മൈക്ക് ഹെസ്സന്റെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കും പെരുമാറ്റത്തിനുമെതിരെ കളിക്കാര്‍ രംഗത്തെത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടീം സെലക്ഷനില്‍ ഹെസ്സന്‍ അമിതമായി ഇടപെടുന്നു എന്ന് ആരോപിച്ച് സെലക്ടര്‍ അലീം ദാര്‍ രാജിവെച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍.

ലോകകപ്പിനിടെ ഹെസ്സന്റെ ആസൂത്രണം, അധികാരം പ്രയോഗിക്കല്‍, കളിക്കാരെ കൈകാര്യം ചെയ്യുന്ന രീതി എന്നിവയില്‍ താരങ്ങള്‍ അതൃപ്തരാണെന്ന് പാക് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെസ്സനെ ഉടനടി പുറത്താക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറല്ലെങ്കിലും, അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് ഗൗരവകരമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ക്യാപ്റ്റനെയും സെലക്ടര്‍മാരെയും അവഗണിക്കുന്നു?

പരിശീലകന്റെ അധികാരം സെലക്ഷന്‍ കമ്മിറ്റിക്കും ക്യാപ്റ്റന്‍ സല്‍മാന്‍ അഗയ്ക്കും തലവേദനയാകുന്നുണ്ട്. ടീമുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം ക്യാപ്റ്റനുമായി ആലോചിക്കാതെ ഹെസ്സന്‍ ഒറ്റയ്ക്ക് എടുക്കുന്നു എന്നാണ് പ്രധാന പരാതി. ലോകകപ്പിനിടെ ഡഗൗട്ടിലിരുന്ന സല്‍മാന്‍ ഹെസ്സനോട് അതൃപ്തി പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്ന് പിസിബി അത് നിഷേധിച്ചെങ്കിലും, പല താരങ്ങളും വ്യക്തിപരമായി ബോര്‍ഡ് ഉദ്യോഗസ്ഥരെ കണ്ട് പരിശീലകനെതിരെ പരാതിപ്പെട്ടതായാണ് വിവരം.

പ്രധാന താരങ്ങളെ പുറത്തിരുത്തി

സീനിയര്‍ താരങ്ങളായ ഫഖര്‍ സമാന്‍, ഖവാജ നഫായ്, അബ്രാര്‍ അഹമ്മദ് എന്നിവരെ ടൂര്‍ണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളിലും പ്ലെയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ഹെസ്സന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില്‍ മാത്രമാണ് ഇവര്‍ക്ക് അവസരം ലഭിച്ചത്. തെറ്റായ ആസൂത്രണവും ഏകപക്ഷീയമായ തീരുമാനങ്ങളും ടീമിന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് കാട്ടി മൈക്ക് ഹെസ്സന് ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കാന്‍ ഒരുങ്ങുകയാണ് പിസിബി. ന്യൂസിലന്‍ഡുകാരനായ പരിശീലകനുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമാകും ബോര്‍ഡ് അന്തിമ തീരുമാനമെടുക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിനെ വാഴ്ത്തി മതിയായില്ല; പ്രശംസകൊണ്ട് മൂടി ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍
ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ ചരിത്രവും നാണക്കേടും പേറുന്ന ഇംഗ്ലണ്ട്