ഇന്ത്യക്കെതിരായ ബാറ്റിംഗ് പരാജയം; ഓസീസ് താരങ്ങളെ കടന്നാക്രമിച്ച് ഹസി, പഴി ട്വന്‍റി 20 ക്രിക്കറ്റിന്

Published : Feb 21, 2023, 04:35 PM ISTUpdated : Feb 21, 2023, 04:38 PM IST
ഇന്ത്യക്കെതിരായ ബാറ്റിംഗ് പരാജയം; ഓസീസ് താരങ്ങളെ കടന്നാക്രമിച്ച് ഹസി, പഴി ട്വന്‍റി 20 ക്രിക്കറ്റിന്

Synopsis

ടി20 ക്രിക്കറ്റിന്‍റെ അതിപ്രസരമാണോ ഇത്രയധികം സ്വീപ് ഷോട്ടുകള്‍ക്ക് ഓസീസ് ബാറ്റര്‍മാര്‍ ശ്രമിക്കാനുള്ള കാരണം എന്നായിരുന്നു മൈക്ക് ഹസിയോടുള്ള ചോദ്യം

മുംബൈ: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ടീം ഇന്ത്യയോട് മൂന്ന് ദിവസം കൊണ്ട് തോല്‍വി സമ്മതിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. സ്‌പിന്നര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയുടേയും രവിചന്ദ്രന്‍ അശ്വിന്‍റേയും പന്തുകള്‍ നേരിടാന്‍ പ്രയാസപ്പെട്ടായിരുന്നു ഓസീസ് ടീമിന്‍റെ പരാജയം. അനാവശ്യമായി സ്വീപ് ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് വിക്കറ്റ് വലിച്ചെറിയുക കൂടിയായിരുന്നു ഓസീസ് താരങ്ങള്‍. പലരും ഓസീസിന്‍റെ സ്വീപ് ഷോട്ടുകളെ വിമര്‍ശിക്കുമ്പോള്‍ മുന്‍ താരം മൈക്ക് ഹസി വിമര്‍ശിക്കുന്നത് ട്വന്‍റി 20 ക്രിക്കറ്റിനേ കൂടിയാണ്. 

ടി20 ക്രിക്കറ്റിന്‍റെ അതിപ്രസരമാണോ ഇത്രയധികം സ്വീപ് ഷോട്ടുകള്‍ക്ക് ഓസീസ് ബാറ്റര്‍മാര്‍ ശ്രമിക്കാനുള്ള കാരണം എന്നായിരുന്നു ഫോക്‌സ് ക്രിക്കറ്റില്‍ മൈക്ക് ഹസിയോടുള്ള ചോദ്യം. ഇതിനോട് താരത്തിന്‍റെ മറുപടി ഇങ്ങനെ... 'അതേ, മിക്കവാറും. പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ സ്വീപ് ഷോട്ടുകള്‍ കാണുന്നുണ്ട്. 10-15 വര്‍ഷം മുമ്പ് കാണാത്ത പലതരം ഷോട്ടുകള്‍ ഇന്ന് കാണാനാകും. സ്വീപ് ഷോട്ടുകള്‍ മികച്ച ഷോട്ട് തന്നെയാണ്. എന്നാല്‍ എപ്പോഴാണ് സ്വീപ് ഷോട്ട് കളിക്കുന്നത് എന്നതാണ് പ്രധാനം. ഏറ്റവും ശരിയായ താരത്തിനെതിരെ ഉചിതമായ സമയത്ത് ശരിയായ സാഹചര്യങ്ങളില്‍ കളിക്കുകയാണ് പ്രധാനം. പക്ഷേ ഓസീസ് താരങ്ങള്‍ക്ക് ഇക്കാര്യങ്ങളില്‍ പിഴച്ചു' എന്നുമാണ് ഹസിയുടെ വാക്കുകള്‍. 

നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് കളികളും തോറ്റ് നില്‍ക്കുകയാണ് ഓസീസ്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റ സന്ദര്‍ശകര്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങി. 177 & 91, 263 & 113 എന്നിങ്ങനെയാണ് പരമ്പരയില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ഓസീസ് ടീമിന്‍റെ സ്കോര്‍. ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ സ്വീപ് ഷോട്ടുകള്‍ക്ക് ശ്രമിച്ച് ആറ് താരങ്ങള്‍ വിക്കറ്റ് നഷ്‌ടമാക്കി. ഇന്‍ഡോറില്‍ മാര്‍ച്ച് 1 മുതല്‍ മൂന്നാമത്തെയും അഹമ്മദാബാദില്‍ 9 മുതല്‍ അവസാനത്തേയും ടെസ്റ്റ് നടക്കും. 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ കൊതിച്ചെത്തിയ പാറ്റ് കമ്മിന്‍സും സംഘവും സ്‌പിന്നിനെ എങ്ങനെ നേരിടണം എന്നറിയാതെ തലപുകയ്ക്കുകയാണ്. 

ഓസീസിനെ രക്ഷിക്കാന്‍ സ്വീപ്-ഷോട്ട് കിംഗ് ഹെയ്‌ഡന്‍ വരുമോ?


 

PREV
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്