
ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്. നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ഓസ്‌ട്രേലിയന്‍ ബൗളറാണ് ഹേസല്‍വുഡ്. കഴിഞ്ഞ ജൂലൈക്ക് ശേഷം കളിച്ച ആദ്യ ടെസ്റ്റില്‍ 89 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയാണ് ഹേസല്‍വുഡ് ഈ ചരിത്രനേട്ടത്തിലെത്തിയത്. മത്സരത്തിന് മുന്‍പ് ഈ നേട്ടത്തില്‍ എത്താന്‍ ഹേസല്‍വുഡിന് 5 വിക്കറ്റുകള്‍ കൂടി ആവശ്യമുണ്ടായിരുന്നു. മൂന്നാം ദിവസം ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 426 റണ്‍സിന് പുറത്തായിരുന്നു.
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മെഹ്ദി ഹസന്‍ മിറാസിനെ (65) അലക്‌സ് കാരിയുടെ കൈകളില്‍ എത്തിച്ചാണ് ഹേസല്‍വുഡ് തന്റെ 300-ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്. പിന്നാലെ ഇബാദത് ഹൊസൈനെ കൂടി പുറത്താക്കി താരം ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. ടെസ്റ്റ് കരിയറിലെ അദ്ദേഹത്തിന്റെ 14-ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. കൂടാതെ ഒരു ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേടുന്നത് ഇത് നാലാം തവണയാണ്. 2017-ല്‍ ബെംഗളൂരുവില്‍ ഇന്ത്യക്കെതിരെ 67 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതിനു മുന്‍പുള്ള മികച്ച പ്രകടനം.
ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ പിച്ചില്‍ വിക്കറ്റ് വീഴ്ത്താന്‍ ഹേസല്‍വുഡിന് ഏറെ പണിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ തുടക്കത്തില്‍ നാഥന്‍ ലിയോണ്‍ തന്‍സിദ് ഹസന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് ഹേസല്‍വുഡിന് തിരിച്ചടിയായിരുന്നു. എങ്കിലും പിന്നീട് തന്‍സിദിനെയും (101) മോമിനുല്‍ ഹഖിനെയും (84) വീഴ്ത്തി അദ്ദേഹം കൂട്ടുകെട്ടുകള്‍ തകര്‍ത്തു. കടുത്ത ചൂടില്‍ കൃത്യമായ ലൈനും ലെങ്തും പാലിച്ചാണ് താരം പന്തെറിഞ്ഞത്. ഹസന്‍ മഹ്മൂദ്, തൈജുല്‍ ഇസ്ലാം എന്നിവരെയും അദ്ദേഹം മടക്കി അയച്ചു.
കഴിഞ്ഞ വര്‍ഷത്തെ ആഷസ് പരമ്പര നഷ്ടപ്പെടുത്താന്‍ കാരണമായ കണങ്കാലിലെ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ 12 മാസമായി ടീമിന് പുറത്തായിരുന്ന ഹേസല്‍വുഡിന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പായിരുന്നില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ സ്‌കോട്ട് ബോളണ്ട് മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. എങ്കിലും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബോളണ്ടിന് പകരം ഹേസല്‍വുഡിനെ തിരഞ്ഞെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!