ഇന്ത്യൻ ഏകദിന ടീമിൽ രവീന്ദ്ര ജഡേജയുടെ സ്ഥാനം ചോദ്യചിഹ്നമാകുന്നു. ബോളിങ്ങിലും ബാറ്റിങ്ങിലും തുടർച്ചയായി പരാജയപ്പെടുന്ന താരത്തിന് പകരക്കാരായി അക്‌സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും പരിഗണനയിലുണ്ട്.
ഗുവാഹത്തി: ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലെയും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്ന രവീന്ദ്ര ജഡേജ. എന്നാലിപ്പോള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ ഒരു ഭാരമാവുകയാണ് താരം. കൃത്യതയാര്‍ന്ന ബോളിങ്ങും ഉപയോഗപ്രദമായ ബാറ്റിങ്ങും മികച്ച ഫീല്‍ഡിങ്ങും കൊണ്ട് ഇന്ത്യന്‍ ടീമിന്റെ വിശ്വസ്തനായിരുന്ന താരത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകദിനത്തില്‍ പഴയ വേഗത നിലനിര്‍ത്താന്‍ സാധിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലൂടെ ജഡേജ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തിയെങ്കിലും, അദ്ദേഹത്തിന്റെ പ്രകടനം ചോദ്യചിഹ്നമായി മാറി.
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തന്റെ 10 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ജഡേജ 54 റണ്‍സ് വഴങ്ങിയെങ്കിലും ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല. ആദ്യ 20 ഓവറുകളില്‍ വെസ്റ്റ് ഇന്‍ഡീസ് 135/0 എന്ന നിലയില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുമ്പോള്‍ ജഡേജയ്ക്ക് എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കുല്‍ദീപ് യാദവാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഈ പ്രകടനം ജഡേജയുടെ മോശം റെക്കോര്‍ഡുകളുടെ തുടര്‍ച്ച മാത്രമാണ്. താരം കളിച്ച അവസാന 10 ഏകദിനങ്ങളില്‍ നിന്ന് ആകെ നേടാനായത് വെറും 5 വിക്കറ്റുകള്‍ മാത്രമാണ്.
ഇതില്‍ 4 വിക്കറ്റുകളും 2025 മാര്‍ച്ചില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരായ ആദ്യ മൂന്ന് മത്സരങ്ങളിലായിരുന്നു. അതായത്, അവസാന ഏഴ് ഏകദിനങ്ങളില്‍ നിന്ന് ഒരേയൊരു വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് വീഴ്ത്താന്‍ കഴിഞ്ഞത്. വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് തൊട്ടുമുമ്പുള്ള അവസാന മൂന്ന് ഏകദിനങ്ങളില്‍ യഥാക്രമം 0/56, 0/44, 0/41 എന്നിങ്ങനെയായിരുന്നു ജഡേജ പ്രകടനം. മാത്രമല്ല, ഈ മത്സരങ്ങളിലൊന്നും അദ്ദേഹത്തിന് മുഴുവന്‍ 10 ഓവറുകളും എറിയാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ സെലക്ടര്‍മാരുടെ ലോകകപ്പ് പദ്ധതികളില്‍ ജഡേജ ഇപ്പോള്‍ മുന്‍ഗണനാ പട്ടികയിലില്ല. അക്‌സര്‍ പട്ടേലും വാഷിംഗ്ടണ്‍ സുന്ദറുമാണ് നിലവില്‍ അദ്ദേഹത്തേക്കാള്‍ മുന്നിലുള്ളത്. ഇരുവരും ഏഷ്യന്‍ ഗെയിംസ് ദൗത്യത്തിനായി ടീമിന് പുറത്തായതുകൊണ്ടും, മറ്റ് യുവതാരങ്ങളായ ഹര്‍ഷ് ദൂബെയേക്ക് പരിക്കേറ്റതുകൊണ്ടുമാണ് ജഡേജയ്ക്ക് വീണ്ടും ടീമിലേക്ക് വഴിതുറന്നത്. ഫീല്‍ഡിങ്ങില്‍ ഇന്നും ചുറുചുറുക്കോടെ നിലകൊള്ളുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ താരത്തിന് കഴിയുന്നില്ല.
ഏഴാമനായോ അതിനു താഴെയോ ഇറങ്ങി ലോങ് ഹിറ്റുകള്‍ പായിക്കാനും ടീമിനെ ഫിനിഷ് ചെയ്യാനും കഴിഞ്ഞ ആറു വര്‍ഷമായി ഏകദിനത്തില്‍ ഒരു ഫിഫ്റ്റി പോലും നേടാത്ത ജഡേജയ്ക്ക് സാധിക്കുന്നില്ല. എന്നിരുന്നാലും, ജഡേജയുടെ അനുഭവസമ്പത്തിലും ഓള്‍റൗണ്ടര്‍ മികവിലും ടീം മാനേജ്‌മെന്റിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. രണ്ടാം ഏകദിനത്തിന് മുന്നോടിയായി സംസാരിച്ച സ്പിന്‍ ബോളിങ് കോച്ച് സായ്രാജ് ബഹുതലെ, ജഡേജയെ ഒരു 'യൂട്ടിലിറ്റി പ്ലെയര്‍' എന്നാണ് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആറു മാസിത്തിനിടയില്‍ അദ്ദേഹത്തിന്റെ ബോളിങ്ങില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും, ലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും കോച്ച് പറഞ്ഞു. അക്‌സറും വാഷിംഗ്ടണും ടീമില്‍ തിരിച്ചെത്തിയാല്‍ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും അന്തിമ തിരഞ്ഞെടുപ്പ് നടക്കുക എന്നും അദ്ദേഹം സൂചിപ്പിച്ചു.

