പാക് ടീമിന്റെ മുഖ്യ പരിശീലകനും സെലക്ടറുമാവാനൊരുങ്ങി മുന്‍ നായകന്‍

By Web TeamFirst Published Aug 21, 2019, 6:17 PM IST
Highlights

പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്തൊന്നുമില്ലെങ്കിലും ചിന്തിക്കുന്ന ക്യാപ്റ്റനെന്ന നിലയില്‍ കളിക്കാര്‍ക്കിടയില്‍ മതിപ്പു നേടിയ മിസബ പരിശീലകനാവുന്നതിനോട് കളിക്കാര്‍ക്കും എതിര്‍പ്പില്ലെന്നാണ് കരുതുന്നത്.

കറാച്ചി: മുന്‍ നായകന്‍ മിസബാ ഉള്‍ ഹഖ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവുന്നതിനൊപ്പം ചീഫ് സെലക്ടറുമാകുമെന്ന് റിപ്പോര്‍ട്ട്.  പാക് ടീമിന്റെ പ്രീ സീസണ്‍ ക്യാംപിന്റെ മേല്‍നോട്ടച്ചുമതല വഹിക്കുന്ന മിസബ പാക് ബോര്‍ഡിന്റെ നിര്‍ദേശത്തോട് ഇതുവരെ മനസ് തുറന്നിട്ടില്ല. പ്രീ സീസണ്‍ ക്യാംപിന്റെ മേല്‍നോട്ടം വഹിക്കാന്‍ മിസബക്ക് ആദ്യം താല്‍പര്യമില്ലായിരുന്നെങ്കിലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഡയറക്ടറും പാക് ബോര്‍ഡില്‍ സ്വാധീനമുള്ള വ്യക്തയുമായ സാക്കിര്‍ ഖാന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മേല്‍നോട്ടച്ചുമതല മിസബ ഏറ്റെടുത്തത്.

ഈ സാഹചര്യത്തില്‍ പരിശീലക പദവിക്കൊപ്പം മുഖ്യ സെലക്ടറുടെ റോള്‍ കൂടി വഹിക്കാന്‍ മിസബ താല്‍പര്യപ്പെടുമോ എന്ന കാര്യം വ്യക്തമല്ല. പാക് ബോര്‍ഡുമായി കരാറിലുള്ള താരങ്ങളില്‍ ചിലരെ പരിക്കുണ്ടായിട്ടും ടി20 ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ അനുവദിച്ച ബോര്‍ഡിന്റെ നടപടിയില്‍ മിസബക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. മിസബ ഇതുവരെ പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ അയച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ സെമി കാണാതെ പുറത്തായതിനെത്തുടര്‍ന്ന് നിലവിലെ പരിശീലകന്‍ മിക്കി ആര്‍തറുടെ കാലാവധി പുതുക്കേണ്ടെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ആര്‍തറെ ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനായുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ അന്വേഷണം മിസബയില്‍ എത്തിനിന്നത്. പരിശീലകനെന്ന നിലയില്‍ പരിചയസമ്പത്തൊന്നുമില്ലെങ്കിലും ചിന്തിക്കുന്ന ക്യാപ്റ്റനെന്ന നിലയില്‍ കളിക്കാര്‍ക്കിടയില്‍ മതിപ്പു നേടിയ മിസബ പരിശീലകനാവുന്നതിനോട് കളിക്കാര്‍ക്കും എതിര്‍പ്പില്ലെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ ടീമിലെ ഭൂരിഭാഗം കളിക്കാരും മിസബക്കൊപ്പം കളിച്ചവരുമാണ്. പാക് ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന ഇന്‍സമാമം ഉള്‍ ഹഖ് ലോകകപ്പിനുശേഷം സ്ഥാനം ഒഴിഞ്ഞിരുന്നു.

2017ലാണ് മിസബ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പാക്കിസ്ഥാനായി 75 ടെസ്റ്റിലും 162 ഏകദിനത്തിലും 29 ടി20യിലും മിസബ കളിച്ചിട്ടുണ്ട്. 56 ടെസ്റ്റില്‍ പാക്കിസ്ഥാനെ നയിച്ച മിസബ 26 ജയം സ്വന്തമാക്കുകയും ചെയ്തു. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുമ്പ് പുതിയ പരിശീലകനെ പാക് ബോര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

click me!