ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറാകാന്‍ ഏറ്റവും യോഗ്യനാരെന്ന് വ്യക്തമാക്കി സെവാഗ്

By Web TeamFirst Published Aug 21, 2019, 5:32 PM IST
Highlights

മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയുടെ പേരാണ് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് സെവാഗ് നിര്‍ദേശിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ സെലക്ടറാവാന്‍ കുംബ്ലെയെക്കാള്‍ യോഗ്യനായ മറ്റൊരാളില്ലെന്നും ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ സെവാഗ് മാധ്യമങ്ങളോട് പറഞ്ഞു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദിന്റെയും സംഘത്തിന്റെയും കാലാവധി തീരാന്‍ ഇനി അധികനാളില്ല. ആരാകണം അടുത്ത ചീഫ് സെലക്ടര്‍ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴെ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറാവാന്‍ യോഗ്യനായ ആളെ നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയുടെ പേരാണ് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് സെവാഗ് നിര്‍ദേശിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ സെലക്ടറാവാന്‍ കുംബ്ലെയെക്കാള്‍ യോഗ്യനായ മറ്റൊരാളില്ലെന്നും ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ സെവാഗ് മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം കളിക്കുമ്പോള്‍ സച്ചിനുമായും ഗാംഗുലിയുമായും ദ്രാവിഡുമായും മികച്ച ആശയവിനിമയം നടത്താറുള്ള കുംബ്ലെക്ക് പരിശീലകനെന്ന നിലയില്‍ യുവതാരങ്ങളുമായും ഏറെ അടുപ്പമുണ്ട്.

അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോള്‍ ഒരിക്കല്‍ എന്റെ മുറിയില്‍ വന്ന് പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. നിങ്ങളുടേതായ ശൈലിയില്‍ കളിക്കൂ.അടുത്ത രണ്ട് പരമ്പരയ്ക്കെങ്കിലും നിങ്ങളെ ടീമില്‍ നിന്ന് പുറത്താക്കില്ലെന്ന് ഞാന്‍ ഉറപ്പ് തരാം എന്നായിരുന്നു. അത് ഒരു കളിക്കാരന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അത്തരമൊരാളാണ് ഇനി ഇന്ത്യയുടെ മുഖ്യ സെലക്ടറാകേണ്ടതെന്നും സെവാഗ് പറഞ്ഞു.

2016-2017 കാലയളവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് പുറത്താവുകയായിരുന്നു. നിലവില്‍ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനാണ് ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റെടുത്തിട്ടുള്ള കുംബ്ലെ.

click me!