
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു.
ഇപ്പോള്‍ കോലിയെ പ്രകീര്‍ത്തിക്കുകയാണ് ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്. മാര്‍ഷിന്റെ വാക്കുകള്‍... ''ലോകകപ്പ് അവിടെ നിര്‍ത്തിവെക്കണമെന്നാണ് എനിക്ക് തോന്നിയത്. ഇനി ഇതിനേക്കാള്‍ വലിയൊരു മത്സരമുണ്ടായാല്‍ മൂന്നാഴ്ച്ചകളിലായി നടക്കുന്ന ലോകകപ്പ് വന്‍ ആവേശമാവും. ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴും വീറും വാശിയുമേറിയതാണ്. തടിച്ചുകൂടിയ കാണികളില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് ചെയ്യണമെന്നത് എനിക്ക് ഊഹിക്കാന്‍ പോലും കഴിയുന്നില്ല.'' മാര്‍ഷ് ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിരാട് കോലിയുടെ ഫോമിനെ കുറിച്ചും മാര്‍ഷ് സംസാരിച്ചു. ''ആശ്ചര്യപ്പെടുത്തുന്ന പ്രകടനമായിരുന്നു കോലിയുടേത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ഫോമിലായിരുന്നില്ല. എന്നാല്‍ ലോകകപ്പില്‍ ആദ്യ മത്സത്തില്‍ തന്നെ ഫോമിലാണെന്ന് തെളിയിച്ചു. അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു കോലിയുടേത്. ഇത്തരത്തില്‍ ചിലത് ഇനയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.'' മാര്‍ഷ് പറഞ്ഞു.
ഇങ്ങനേയും ഒരു രാഹുല്‍ ദ്രാവിഡ്! ആള് അത്ര കൂളല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ പറയും
അതേസമയം, ആദ്യജയം തേടിയാണ് ആതിഥേയരായ ഓസീസ് നാളെയിറങ്ങുന്നത്. നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു. ശ്രീലങ്കയാവട്ടെ നെതര്‍ലന്‍ഡ്‌സിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്.
മെല്‍ബണില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാനെ അര്‍ഷ്ദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. ഇതിനിടയിലും ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ 51), ഷാന്‍ മസൂദ് (42 പന്തില്‍ 52) എന്നിവരുടെ പ്രകടനം പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചു.